എഐ കറണ്ട് ബില്ല് കൂട്ടുന്നു! ഇങ്ങനെ പോയാൽ; വിദഗ്ധർ പറയുന്നത് അറിയാം

റീടെയിൽ വൈദ്യുതി വില പണപ്പെരുപ്പ നിരക്കിനേക്കാൾ വേഗത്തിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

എഐ യുഗം ആരംഭിച്ചതോടെ പലർക്കും ജോലി നഷ്ടപ്പെട്ട വാർത്ത നമ്മൾ കേൾക്കുന്നുണ്ട്. എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാതെ ഒരു ദിവസം കടന്നുപോകുന്നില്ലെന്നതാണ് വാസ്തവം. എഐ മനുഷ്യന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഒരു വശത്ത് ആശങ്ക ഉയരുമ്പോൾ, ഇതേ എഐ കാരണം കറണ്ട് ബില്ല് കൂടിയെന്നൊരു വാർത്ത മറുവശത്ത് കിടന്ന് കറങ്ങുന്നുണ്ട്.

യുഎസ് എനർജി ഇൻഫർമേഷന്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2022 മുതൽ അമേരിക്കയിൽ വൈദ്യുതി ചാർജ് പതിമൂന്ന് ശതമാനം ഉയർന്നുവെന്നാണ്. റീടെയിൽ വൈദ്യുതി വില പണപ്പെരുപ്പ നിരക്കിനേക്കാൾ വേഗത്തിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് പസഫിക്ക്, മിഡിൽ അറ്റ്‌ലാന്റിക്, ന്യു ഇംഗ്ലണ്ട് എന്നിവടങ്ങളിൽ ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.

പവർ ഗ്രിഡ് അപ്പ്‌ഡേഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം കറണ്ട് ചാർജ് വർദ്ധിക്കാനുള്ള കാരണങ്ങളാണ്. പക്ഷേ അതിനിടയിൽ സാങ്കേതികമായ ചില കാര്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതായത് എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരമാണ് നിലവിൽ നടക്കുന്നത്. വരുന്ന പതിറ്റാണ്ടുകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കായി കോടികൾ മുടക്കാൻ ഒരുങ്ങുകയാണ് ടെക് ഭീമന്മാർ. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപഭോഗവും ഊർജ്ജ സ്രോതസ്സുകളെ ആശ്രിയിക്കുന്നതും വലിയ രീതിയിലാണ് വർദ്ധിച്ചിരിക്കുന്നത്. പത്ത് ഗിഗാവാട്ട്‌സ് കസ്റ്റം എഐ ചിപ്പുകളും മറ്റ് സിസ്റ്റങ്ങളും വികസിപ്പിക്കാനും രൂപകൽപ്പന ചെയ്യാനും ഓപ്പൺഎഐയും ബ്രാഡ്‌കോമും പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പ്രമുഖ നഗരത്തിന് ഊർജം നൽകാൻ കഴിയുന്നത്ര വൈദ്യുതിയാണ് ഇതിന് വേണ്ടി വരിക. ഈ രീതി ഇനിയും തുടരാനാണ് സാധ്യത.

ഡേറ്റ കേന്ദ്രങ്ങൾ 2028 ആകുമ്പോഴെക്കും 6.7 ശതമാനം മുതൽ 12 ശതമാനം വരെ വൈദ്യുതി (യുഎസിൽ) ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് 2023ൽ 4.4 ശതമാനമായിരുന്നു. അഞ്ച് വർഷം മുമ്പുള്ള റിപ്പോർട്ട് പരിശോധിച്ചാൽ ഡേറ്റ സെന്ററുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് 267 ശതമാനമായി ഉയർന്നെന്ന് മനസിലാക്കാം. ഇത്തരത്തിൽ തുടർന്ന് പോകാനുള്ള ഒരു ശേഷി ഊർജ്ജ വ്യവസായത്തിനില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡേറ്റ സെന്ററുകളിലേക്കുള്ള നിക്ഷേപങ്ങൾ കുമിഞ്ഞ് കൂടുകയാണ്. ടെക് ഭീമന്മാർ അവരുടെ ബിസിനസിന്റെ ഭാവി തന്നെ കണക്കാക്കുന്നത് എഐയെ ആശ്രയിച്ചാണ്. ഡാറ്റാ സെന്‍ററുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 17 ബില്യൺ ഡോളറാണ് മെറ്റ ചെലവാക്കിയതെങ്കിൽ മൈക്രോസോഫ്റ്റ് ചെലവാക്കിയത് 24.2 ബില്യൺ ഡോളറാണ്. ഡേറ്റാ സെന്റുകളുടെ നിർമാണത്തിന് മാത്രമായി നാൽപത് ബില്യൺ ഡോളറിലധികമാണ് ചെലവഴിച്ചിരിക്കുന്നത്.

നിലവിലെ ഡേറ്റ സെന്ററുകൾക്ക് പുത്തൻ എഐ സേവനങ്ങളെയും ഉത്പന്നങ്ങളെയും കൈകാര്യം ചെയ്യാൻ അപ്പ്‌ഡേഷനുകൾ ആവശ്യമാണ്. ഇക്കാരണത്താൽ തന്നെ യുഎസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വൈദ്യുതി ആവശ്യകതയും വർദ്ധിച്ചിട്ടുണ്ട്. മുമ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്ന എഐയിൽ നിന്നും വളരെ മുന്നോട്ട് പോയിരിക്കുകയാണ് എഐകൾ. ഇതനുസരിച്ച് പല ഉറവിടങ്ങളെയും എഐയ്ക്ക് ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.Content Highlights: AI making electricity bill higher?

To advertise here,contact us