ആമസോണ്‍ ക്ലൗഡ് സര്‍വീസിന് തകരാര്‍; സ്‌നാപ്ചാറ്റടക്കം പണിമുടക്കി

ആമസോണിന്റെ ക്ലൗഡ് സേവന യൂണിറ്റായ AWS-ല്‍ തകരാര്‍

ആമസോണിന്റെ ക്ലൗഡ് സേവന യൂണിറ്റായ AWS സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് നിരവധി ജനപ്രിയ ആപ്പുകള്‍ തകരാറിലായി. ഇതിനെ തുടര്‍ന്ന ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ കണക്റ്റിവിറ്റി പ്രശ്നം നേരിട്ടു. ഒന്നിലധികം സേവനങ്ങള്‍ക്ക് തടസം നേരിടുന്നതിനാല്‍ പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന് AWS ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ അറിയിച്ചു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്‌സ്, വെന്‍മോ തുടങ്ങിയ ആപ്പുകളുടെ പ്രവര്‍ത്തനങ്ങൾക്കാണ് പ്രധാനമായും തടസം നേരിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ക്രൗഡ്സ്‌ട്രൈക്ക് തകരാറിനുശേഷം ലോകമെമ്പാടും നേരിട്ട ഏറ്റവും വലിയ സാങ്കേതിക തകരാറിലായി ഒന്നായി ഇത് മാറി. ഏകദേശം 14,000-ത്തിലധികം തകരാറുകളാണ് ആമസോണ്‍.കോമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രൈവറ്റ് കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യാനുസരണം കമ്പ്യൂട്ടിംഗ് പവര്‍, ഡാറ്റ സംഭരണം, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ AWS നല്‍കുന്നുണ്ട്. ആമസോണിന്റെ ഷോപ്പിംഗ് വെബ്സൈറ്റായ പ്രൈംവീഡിയോ, അലക്സ എന്നിവയെല്ലാം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗെയിമിംഗ് സൈറ്റുകളായ എപ്പിക് ഗെയിംസിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ട്നൈറ്റ്, റോബ്ലോക്‌സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ് എന്നിവയും പ്രവര്‍ത്തനരഹിതമായി. ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ പേപാലിന്റെ വെന്‍മോ, ചൈം എന്നിവയും തകരാര്‍ നേരിട്ടു.

യുഎസിലെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ലിഫ്റ്റിന്റെ ആപ്പും പ്രവര്‍ത്തനരഹിതമായിരുന്നു. മെസേജിംഗ് ആപ്പ് സിഗ്‌നലിന്റെ പ്രസിഡന്റ് മെറെഡിത്ത് വിറ്റേക്കറും തങ്ങളുടെ പ്ലാറ്റ്ഫോമിലും AWS ന്റെ തടസ്സം നേരിട്ടതായി എക്‌സ് സ്ഥിരീകരിച്ചു.

Content Highlights: Amazon's Cloud Unit Reports Global Outage

To advertise here,contact us