ഡിസൈനിൽ ചെറിയ മാറ്റവുമായാണ് ഈ സെപ്തംബറിൽ ആപ്പിൾ ഐഫോൺ 17 പ്രോ ലോഞ്ച് ചെയ്തത്. അതിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ കാമറ സെൻസറുകളും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ വമ്പൻ അപ്പ്ഡേറ്റ് 2026ലേക്കായി മാറ്റിവച്ചിരിക്കുകയാണ് ആപ്പിൾ എന്ന വിവരമാണ് പുറത്ത് വരുന്നത്. ഐഫോൺ 18 സീരീസിൽ വലിയ പ്രഖ്യാപനമാണ് കാത്തിരിക്കുന്നതെന്ന് സാരം. അതും ഐഫോൺ പ്രോ മോഡലാകും വൻ ഡിമാന്റിൽ പുറത്തിറങ്ങുക.
കാമറകളിൽ ആപ്പിൾ പുത്തൻ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ലെന്ന പരാതി കുറച്ച് നാളുകളായി ഉയരുന്നുണ്ട്. ഓപ്പോയും വിവോയും വരെ വൈവിധ്യം തേടുമ്പോൾ ആപ്പിൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു സംസാരം. കാമറയിൽ വമ്പൻ അപ്ഗ്രേഡാണ് ഐഫോൺ പ്രോ, പ്രോ മാക്സ് (18 അൾട്രാ) മോഡലിൽ വരാനിരിക്കുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൗത്ത് കൊറിയയിലെ ഇടിഎൻ ന്യൂസാണ് പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. മെഗാപിക്സെല്ലിൽ മാത്രമല്ല കാമറയുടെ പ്രവർത്തന രീതിയിലും മാറ്റമുണ്ടാകുമത്രേ. വ്യത്യസ്തമായ അപ്പർച്ചറിൽ ഐഫോൺ 18 പ്രോ കാമറകൾക്ക് വൈവിധ്യമാർന്ന ലൈറ്റിങ്, റേഞ്ച് എന്നിങ്ങനെയുള്ള ഏത് സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ കഴിയുമെന്നാണ് അവകാശവാദം.
ഷവോമിയിലും വിവോയിലും നിലവിൽ ഈ ഫീച്ചറുകളുണ്ട്. ആപ്പിൾ ഈ നിരയിലേക്ക് എത്തുമ്പോൾ ഇനി ചിത്രങ്ങളുടെ ഗുണനിലവാരം കൂടുതൽ മികവുറ്റതാവുമെന്നതിൽ സംശയമില്ല. എൽജി ഇന്നോടെക്, ഫോക്സ്കോൺ എന്നിവരെയാണ് ഇതിനായി ആപ്പിൾ ആശ്രയിക്കുക. പുത്തൻ അപ്പ്ഡേറ്റ് വരുന്നതോടെ ഐഫോൺ 18 പ്രോയുടെ വിലയിലും വലിയ മാറ്റം തന്നെ പ്രതീക്ഷിക്കാം.2026ൽ ഐഫോൺ എയർ 2 വേർഷനൊപ്പം ഫോൾഡബിൾ ഐഫോമും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ആപ്പിളും പുതിയ കാമറ ഓപ്ഷനുകൾ കൊണ്ടുവരുമ്പോൾ കടുത്ത മത്സരം തന്നെയാവും ഇനി ഉണ്ടാവുകയെന്ന് ഉറപ്പാണ്.Content Highlights: Apple Iphone 18 Pro to get Biggest Camera Update says Report