കൗമാരക്കാര്‍ എന്തുകാണണമെന്ന് ഇനി മെറ്റ തീരുമാനിക്കും; ഇന്‍സ്റ്റ റീലുകള്‍ക്ക് നിയന്ത്രണം വരുന്നു

കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതില്‍ പരാജയപ്പെട്ടു എന്ന വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സുപ്രധാന നീക്കത്തിന് മെറ്റ തയ്യാറാകുന്നത്.

സോഷ്യല്‍ മീഡിയ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മെറ്റ. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഉള്ളടക്കത്തില്‍ അതിരുകള്‍ നിശ്ചയിക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഇതിനായി പ്രത്യേകം ഫില്‍റ്ററുകള്‍ സ്വീകരിക്കും.

കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതില്‍ പരാജയപ്പെട്ടു എന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സുപ്രധാന നീക്കത്തിന് മെറ്റ തയ്യാറാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റ ഏര്‍പ്പെടുത്തിയ സുരക്ഷ ഫീച്ചറുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സെപ്റ്റംബറില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രകോപനപരമായ ചാറ്റ്‌ബോട്ട് പെരുമാറ്റത്തിന് മെറ്റ അനുവാദം നല്‍കുന്നതായി റോയിട്ടേഴ്‌സ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെറ്റ സ്വീകരിച്ചിരിക്കുന്ന പുതിയ സംവിധാനം പ്രകാരം അസഭ്യമായ ഭാഷാപ്രയോഗങ്ങള്‍, ലഹരിയുമായി ബന്ധപ്പെട്ട സൂചനകള്‍, അപകടകരമായ സ്റ്റണ്ടുകള്‍, കൗമാരക്കാരെ സംബന്ധിച്ചിടത്തോളം മച്വര്‍ ആയ മറ്റു ഉള്ളടക്കങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കപ്പെടും. കമ്പനിയുടെ എഐ ജനറേറ്റീവ് ടൂളുകള്‍ക്കും ഈ മാനദണ്ഡം നടപ്പാക്കും.

പുതിയ സുരക്ഷാകവചങ്ങള്‍ പ്രകാരം പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ പിജി-13 സെറ്റിങ്ങ്‌സിന് കീഴിലായിരിക്കും വരിക. ലിമിറ്റഡ് കണ്ടന്റ് സെറ്റിങ്‌സ് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് കുട്ടികള്‍ കാണുന്ന ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. മച്വര്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെടാനും കുട്ടികള്‍ക്ക് സാധിക്കില്ല. കുട്ടികള്‍ ഈ നിയന്ത്രണങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാം. അതുകൊണ്ട് തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് അവകാശപ്പെട്ടാലും അത് മറികടക്കുന്നതിനായി പ്രായം പ്രവചിക്കുന്ന സാങ്കേതികവിദ്യ ഞങ്ങള്‍ ഉപയോഗിക്കും. മെറ്റ പറയുന്നു.

പുതിയ സെറ്റിങ്‌സുകള്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനജ എന്നിവിടങ്ങളിലായിരിക്കും ആദ്യം അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായും എല്ലാ രാജ്യങ്ങളിലും ലഭ്യമാകും. കൗമാരക്കാര്‍ക്കായി ഫെയ്‌സ്ബുക്കിലും അഡീഷണല്‍ സെയ്ഫ്ഗാര്‍ഡ്‌സ് അവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു.

Content Highlights: Teen Content on Instagram Gets a PG-13 Makeover

To advertise here,contact us