പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പഴയത് നമ്മൾ എന്താണ് ചെയ്യുക? പലർക്കും ഉള്ള ഒരു ആശയക്കുഴപ്പം ആയിരിക്കുമിത്. ഡേറ്റ മോഷണം ഏറെ എളുപ്പമായിരിക്കുന്ന ഇക്കാലത്ത് മറ്റൊരാൾക്ക് ഫോൺ കൊടുക്കാനോ അല്ലെങ്കിൽ കടകളിൽ കൊടുക്കാനോ നമുക്ക് മടിയായിരിക്കും. ചിലർ സാരമില്ല എന്ന് വിചാരിച്ച്, ക്ലിയർ ചെയ്യേണ്ടതെല്ലാം ചെയ്ത ശേഷം കൊടുക്കുന്നവരുമുണ്ട്. ചിലരാകട്ടെ, അവ വീട്ടിൽ തന്നെ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ഉപയോഗശൂന്യമായ സ്മാർട്ട്ഫോണുകൾ കൊണ്ട് വലിയ ഉപകാരങ്ങളുണ്ട്. അവയെക്കുറിച്ചാണ് ഇനി.
പഴയ സ്മാർട്ട്ഫോണുകൾ സെക്യൂരിറ്റി കാമറയായി ഉപയോഗിക്കാവുന്നതാണ് എന്നറിയാമോ. ഇതിന് 'ആൽഫ്രഡ്' അല്ലെങ്കിൽ 'മെനിതിങ്' പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വൈഫൈ കണക്ട് ചെയ്താൽ മാത്രം മതിയാകും. എളുപ്പമാണ് !
ഉപയോഗശൂന്യമായ ഫോണുകൾ കുട്ടികൾക്കുള്ള ഫോണാക്കി മാറ്റാവുന്നതാണ്. അപ്പോൾ ഒരു ചോദ്യം വരും. കുട്ടികൾക്ക് ചെറിയ പ്രായത്തിൽ ഫോൺ കൊടുക്കാമോ എന്ന്. പഠന ആവശ്യത്തിനും മറ്റും മാത്രമേ കുട്ടികൾക്ക് ഈ ഫോണുകൾ നൽകാൻ പാടുകയുള്ളൂ. യൂട്യൂബ് കിഡ്സ് പോലുള്ളവ ഡൗൺലോഡ് ചെയ്ത ശേഷം കുട്ടികൾക്ക് നൽകാവുന്നതാണ്. അവ കൂടാതെ ചെറിയ ഗെയിമുകൾ, പഠനവുമായി ബന്ധപ്പെട്ട ആപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്ത നൽകാവുന്നതാണ്.
പഴയ ഫോണുകൾ സ്മാർട്ട് ഹോം കൺട്രോളറുകൾ ആയും ഉപയോഗിക്കാവുന്നതാണ്. സ്മാർട്ട് ബൾബുകൾ, കാമറകൾ, തുടങ്ങിയവയെ കൺട്രോൾ ചെയ്യാനായി പഴയ ഫോണുകൾ ഉപയോഗിക്കാം. വൈഫൈ ഹോട്സ്പോട്ട് അല്ലെങ്കിൽ ഒരു സെക്കണ്ടറി ഡിവൈസ് ആയും നമുക്ക് പഴയ ഫോണുകൾ ഉപയോഗിക്കാം. യാത്രകൾക്കിടെ പോർട്ടബിൾ വൈഫൈ ഹോട്സ്പോട്ട് ആയും, ഇമെയിലുകൾ പരിശോധിക്കാനും ഡോക്യൂമെന്റസ് സ്കാൻ ചെയ്യാനും മറ്റും നമ്മുടെ പഴയ ഫോണുകൾ ഉപയോഗിക്കാം.
Content Highlights: old phones uses and how to turn it to a cctv camera