കയറി വാടാ മക്കളേ; ബാന്‍ ചെയ്യപ്പെട്ട ക്രിയേറ്റേഴ്‌സിന് വീണ്ടും അവസരം നല്‍കാന്‍ യുട്യൂബ്

ഒരിക്കല്‍ ബാന്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ യുട്യൂബില്‍ തിരിച്ചുവരുന്നതിന് നേരത്തേ അവസരം നല്‍കിയിരുന്നില്ല.

യുട്യൂബ് പോളിസികള്‍ ലംഘിച്ചതിന്റെ പേരില്‍ നിരോധനം ഏര്‍പ്പെടുത്തിയ ക്രിയേറ്റര്‍മാര്‍ക്ക് തിരിച്ചുവരവിന് അവസരം ഒരുക്കി യുട്യൂബ്. പുതിയ പദ്ധതി പ്രകാരം പുതിയൊരു ചാനല്‍ ആരംഭിക്കുന്നതിനായി ഇവര്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. ഒരിക്കല്‍ ബാന്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ യുട്യൂബില്‍ തിരിച്ചുവരുന്നതിന് നേരത്തേ അവസരം നല്‍കിയിരുന്നില്ല. ഈ പുതിയ സമീപനത്തോടെ യോഗ്യരായ ക്രിയേറ്റര്‍മാര്‍ക്ക് പുതിയൊരു തുടക്കത്തിന് സാധിക്കും.

എല്ലാവര്‍ക്കും സാധ്യമോ?

ഗുരുതരമായും തുടര്‍ച്ചയായും നിയമലംഘനങ്ങള്‍ നടത്തിയ, യുട്യൂബിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ക്രിയേറ്റര്‍മാര്‍ക്ക് പുതിയ ചാനലിന് അപേക്ഷ നല്‍കാനാവില്ല. സ്വന്തം ചാനലോ, ഗൂഗിള്‍ അക്കൗണ്ടോ സ്വമേധയാ നീക്കം ചെയ്ത ക്രിയേറ്റേഴ്‌സിന് പുതിയൊരു ചാനല്‍ ആരംഭിക്കുന്നതിനായി അപേക്ഷിക്കാനാവില്ല. അതുപോലെ ഒരു ചാനല്‍ നിരോധിച്ചാല്‍ പുതിയ ചാനല്‍ ആരംഭിക്കുന്നതിനായി ഒരു വര്‍ഷത്തിന് ശേഷം മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കൂ. അപ്പീലുകള്‍ പക്ഷെ ഈ സമയത്തിനുള്ളില്‍ നല്‍കണം.

അംഗീകാരം ലഭിച്ച ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ മുഴുവന്‍ കമ്യൂണിറ്റിയേയും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായി വരും. പഴയ വീഡിയോകള്‍ വീണ്ടും അപ്ലോഡ് ചെയ്‌തോ, പുതിയ കണ്ടന്റുകള്‍ നിര്‍മിച്ചുകൊണ്ടോ പ്രേക്ഷകരുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. യുട്യൂബിന്റെ യോഗ്യത മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്നതോടെ പണം വീണ്ടും ലഭിച്ചുതുടങ്ങും.

മുന്‍കാലത്ത് സംഭവിച്ച തെറ്റുകളെ അംഗീകരിക്കുന്ന വീണ്ടും യുട്യൂബ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വീണ്ടും ഒരു അവസരം കൂടി നല്‍കുകയാണ് യുട്യൂബ്.

Content Highlights: Second Chance for Creators: YouTube's New Warning System

To advertise here,contact us