ഐഫോൺ 17ലെ ആപ്പിൾ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട 'ബഗ്' ഒഴിവാക്കിയെന്ന് റിപ്പോർട്ട്; തലവേദന തീരാതെ iOS 26?

പുതിയ iPhone 17 മോഡലുകളിൽ ആപ്പിൾ ഇന്റലിജൻസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നം ആപ്പിൾ പരിഹരിച്ചതായാണ് റിപ്പോർട്ട്

ആപ്പിൾ AIയുടെ പുതിയ സവിശേഷതകൾ ലഭിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടഞ്ഞിരുന്ന ബ​ഗ് ആപ്പിൾ ഒഴിവാക്കിയതായി റിപ്പോർട്ട്. പുതിയ iPhone 17 മോഡലുകളിൽ ആപ്പിൾ ഇന്റലിജൻസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നം ആപ്പിൾ പരിഹരിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആപ്പിൾ വാർത്തകൾ പങ്കുവെയ്ക്കുന്ന മാക്‌റൂമേഴ്‌സിൽ ആരോൺ പെറിസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആപ്പിൾ‌ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ടെന്നാണ് ആരോൺ റിപ്പോ‍ർട്ട് ചെയ്യുന്നത്. പ്രശ്നങ്ങൾ നേരിട്ട ഉപയോക്താക്കളെ വീണ്ടും ആപ്പിൾ ഇന്റലിജൻസ് ഡൗൺലോഡ് ചെയ്യാൻ പുതിയ അപ്ഡേറ്റ് അനുവദിക്കുന്നു. ഐഫോൺ 15 പ്രോയ്ക്കും ശേഷമുള്ള എല്ലാ മോഡലുകൾക്കും ഓട്ടോമാറ്റിക്കായി തന്നെ ലഭിക്കുന്ന രീതിയിൽ ആപ്പിൾ ഒരു സെർവർ-സൈഡ് ഫിക്സ് നടത്തിയതായാണ് റിപ്പോർട്ട്.

ഐഫോൺ 17 മോഡലുകളിൽ ആപ്പിൾ ഇന്റലിജൻസിൻ്റെ പുതിയ സവിശേഷതകൾ കുറച്ച് ദിവസം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് അവരുടെ സിരി ഗ്രാഫിക് പഴയ ആനിമേഷനിലേക്ക് മാറിയെന്നും അതിന് ശേഷം ആപ്പിളിന്റെ AI സവിശേഷതകൾ ലഭിച്ചിരുന്നില്ലെന്നുമായിരുന്നു പല ഉപയോക്താക്കളുടെയും പരാതി. ഐഫോണിൻ്റെ പുതിയ മോഡലുകൾ വിൽപ്പനയ്‌ക്കെത്തിയതിന് തൊട്ടുപിന്നാലെ ആപ്പിൾ ഇൻ്റലിജൻസ് കമ്മ്യൂണിറ്റിയിലാണ് ഉപയോക്താക്കൾ ഈ ബഗ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏകദേശം മൂന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും, ആപ്പിൾ ഈ വിഷയത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആപ്പിൾ വിഷയത്തിൽ ഒരു പരിഹാരം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.

നിലവിൽ ഐഫോൺ 17 മോഡലുകളിൽ ഉണ്ടായിരുന്ന ബ​ഗ് പിൻവലിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ടെന്നുണ്ടെങ്കിലും​iOS 26-ൽ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ ഇപ്പോഴും പൂർണ്ണമായി പരിഹരിച്ചിട്ടില്ലെന്ന പരാതി ഉപയോക്താക്കൾക്കുണ്ട്. iOS 26 ആപ്പിൾ പുറത്തിറക്കിയത് മുതൽ നേരിടുന്ന ഒന്നിലധികം പ്രശ്നങ്ങൾ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.iOS 26-ലെ ബാറ്ററി ഡ്രെയിനേജ്, പെർഫോമൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയായിരുന്നു തുടക്കത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് പല വിഷയങ്ങളും ഉയർന്നു വന്നു. ചില അപൂർവ സന്ദർഭങ്ങളിൽ, ഫോട്ടോകളിൽ ബ്ലാക്ക് ബോക്സുകളും വെളുത്ത സ്ക്വിഗിളുകളും പ്രത്യക്ഷപ്പെടാമെന്ന് ഐഫോൺ എയറിൻ്റെയും ഐഫോൺ 17 പ്രോയുടെയും അവലോകനത്തിൽ സിഎൻഇടി പിന്നീട് കണ്ടെത്തിയിരുന്നു. ആപ്പിൾ ഈ പ്രശ്നം സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

iOS 26-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം ചില ഉപയോക്താക്കൾ വൈ-ഫൈ, സെല്ലുലാർ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ചില ഐഫോൺ 17 മോഡലുകൾ ഇടയ്ക്കിടെ Wi-Fi, ബ്ലൂടൂത്ത് എന്നിവ വിച്ഛേദിക്കപ്പെടുന്നതായും മറ്റു ചിലതിന് സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ കഴിയുന്നില്ലെന്നും ചില ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിച്ചിരുന്നു.

iOS 26-ലെ ലിക്വിഡ് ഗ്ലാസ് ഡിസൈനിലെ സുതാര്യത, വായനാക്ഷമത പ്രശ്‌നങ്ങളെക്കുറിച്ചും ഉപയോക്താക്കളിൽ ചിലർ പരാതിപ്പെട്ടിരുന്നു. iOS 26-ലെ ഐക്കണുകൾ ചരിഞ്ഞും വക്രീകരിക്കപ്പെട്ടും കാണപ്പെടുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഡാർക്ക് മോഡ് ഓണായിരിക്കുകയോ പശ്ചാത്തലത്തിൽ ഇരുണ്ട വാൾപേപ്പർ ഉണ്ടായിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ പ്രശ്നം കൂടുതലായി കാണുന്നതെന്നും ഉപയോ​ഗക്താക്കൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഉപയോക്താക്കൾക്ക് അവരുടെ ഐഫോണിലെ ആപ്പിൾ ഇൻ്റലിജൻസ് സ്റ്റാറ്റസ് പരിശോധിക്കാം

  • സെറ്റിംഗ്സ് ആപ്പിലേക്ക് നാവിഗേറ്റ് ചെയ്ത് ആപ്പിൾ ഇന്റലിജൻസ് മെനുവിൽ ടാപ്പ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിലെ ആപ്പിൾ ഇന്റലിജൻസിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും.

Content Highlights: Apple fixes Apple Intelligence bug that stopped iPhone 17 users from using AI features

To advertise here,contact us