നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി

രാജ്യത്തുടനീളം ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ സ്ഥാപിച്ച് 4G നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ച BSNL വരും ദിവസങ്ങളിൽ 97,500 ടവറുകൾ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

BSNL എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിഞ്ഞിരുന്ന ഒരു കാലമുണ്ട്. നെറ്റ്‌വർക്കുമായും ബന്ധപ്പെട്ടും ഡാറ്റാ ഉപയോഗമായി ബന്ധപ്പെട്ടുമെല്ലാം നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിന്ന് BSNL പുത്തൻ പരിഷ്‌കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്‌വർക്ക് ഇല്ലാതെയും ഉപഭോക്താക്കൾക്ക് വോയ്‌സ് കോളുകൾ വിളിക്കാനുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് രാജ്യത്തിന്റെ സ്വന്തം ടെലികോം കമ്പനി.

VoWiFi എന്ന പുത്തൻ സർവീസാണ് ബിഎസ്എൻഎൽ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. അതായത് Voice over WiFi. ഈ സംവിധാനത്തിൽ WiFi കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇനി കോളുകൾ വിളിക്കാം. ഇതോടെ ജിയോ, എയർടെൽ, VI എന്നീ സ്വകാര്യ കമ്പനികളുമായി മത്സരം കടുപ്പിച്ചിരിക്കുകയാണ് BSNL.

മൊബൈൽ നെറ്റ്‌വർക്കുകൾ ദുർബലമായ ഇടങ്ങളിലാണ് പുത്തൻ സർവീസ് ഉപയോഗപ്രദമാവുകയെന്നാണ് BSNL ചൂണ്ടിക്കാട്ടുന്നത്. വീട്ടിലെ Wi-Fi കണക്ഷൻ ഉപയോഗിച്ച് തടസമില്ലാതെ ഉപഭോക്താവിന് വ്യക്തവും സ്ഥിരതയുമുള്ള ഫോൺ കോൾ അനുഭവമാണ് കമ്പനിയുടെ വാഗ്ദാനം. VoWiFi സപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് സ്മാർട്ട്‌ഫോണുള്ള ഉപഭോക്താവിന് ഈ സർവീസ് ലഭ്യമാവും. മാത്രമല്ല ഈ സർവീസ് പൂർണമായും സൗജന്യമായിരിക്കും. കോളുകൾ ചെയ്യുന്നതിന് അധികമായി ചാർജുകൾ നൽകേണ്ടി വരില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ സ്ഥാപിച്ച് 4G നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ച BSNL വരും ദിവസങ്ങളിൽ 97,500 ടവറുകൾ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. BSNL അതിന്റെ 25ാം വാർഷികത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നത്. ദക്ഷിണ - പശ്ചിമ സർക്കിളുകളിലാണ് പുതിയ സർവീസ് ലഭ്യമാവുന്നത്. ഉടൻ തന്നെ രാജ്യത്തുടനീളം ഇവ ലഭ്യമാക്കും. ഇതുകൂടാത മുംബൈയിൽ 4Gക്കൊപ്പം eSIM സർവീസും ലോഞ്ച് ചെയ്തിട്ടുണ്ട്.Content Highlights: BSNL launched new VoWiFi Service

To advertise here,contact us