ആധാർ വെരിഫിക്കേഷനിൽ പുതിയ മാറ്റം; കുട്ടികൾക്ക് ഇനിമുതൽ ഈ സേവനം സൗജന്യം

ഏകദേശം 6 കോടി കുട്ടികൾക്ക് ഈ തീരുമാനം ഗുണകരമാകും എന്നാണ് കരുതപ്പെടുന്നത്

ആധാർ വെരിഫിക്കേഷൻ പ്രക്രിയയിൽ നിർണായക മാറ്റവുമായി യൂണിക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അഞ്ച് വയസ്സ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായുള്ള ബയോമെട്രിക്ക് അപ്‌ഡേറ്റിനായി ഇനിമുതൽ തുക ഈടാക്കേണ്ട എന്ന് യുഐഡിഎഐ തീരുമാനിച്ചു. ഒരു വർഷത്തേക്കാണ് തുക ഈടാക്കുന്നത് നിർത്തിയത്. തീരുമാനം ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്നു.

ഏകദേശം 6 കോടി കുട്ടികൾക്ക് ഈ തീരുമാനം ഗുണകരമാകും എന്നാണ് കരുതപ്പെടുന്നത്. അഞ്ച് വയസ്സ് പിന്നിട്ടാൽ ഫിങ്കർപ്രിന്റുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കുട്ടി 15 വയസാകുമ്പോൾ വീണ്ടും വീണ്ടും അവ അപ്ഡേറ്റ് ചെയ്യണം.

അഞ്ച് മുതൽ ഏഴ് വയസ് വരെയുള്ള സമയത്താണ് കുട്ടികൾ ആദ്യ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. 15-17 വരെയുള്ള പ്രായത്തിൽ രണ്ടാമത്തെ അപ്‌ഡേറ്റും ചെയ്യാറുണ്ട്. ഇവയ്ക്ക് 125 രൂപയാണ് ഈടാക്കിയിരുന്നത്. അതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്‌കൂൾ അഡ്മിഷൻ , എൻട്രൻസ് എക്സമുകൾക്ക് രെജിസ്ട്രേഷൻ തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധമാണ്.

അതേസമയം, രാജ്യത്ത് ആധാർ സേവങ്ങൾക്കുള്ള നിരക്ക് കൂട്ടിയിരുന്നു. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 രൂപയായാണ് വർധിപ്പിച്ചത്. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപയായാണ് കൂട്ടിയത്. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.

Content Highlights: fees for biometric updation for children waived off

To advertise here,contact us