കാപിറ്റോള് കലാപത്തെ തുടര്ന്ന് ഡോണള്ഡ് ട്രംപിന്റെ അക്കൗണ്ട് യുട്യൂബ് നീക്കം ചെയ്ത സംഭവത്തില് ട്രംപിന് 22 മില്യണ് ഡോളര് നല്കാന് യുട്യൂബ്. ഇതിനെതിരെ ട്രംപ് കേസ് ഫയല് ചെയ്തിരുന്നു. വൈറ്റ് ഹൗസ് സ്റ്റേറ്റ് ബാള്റൂം നിര്മാണത്തിനായാണ് ഈ പണം വിനിയോഗിക്കുക. ഇതിനുപുറമേ, അമേരിക്കന് കണ്സര്വേറ്റീവ് യൂണിയന് ഉള്പ്പെടെയുള്ള ട്രംപ് സഖ്യകക്ഷികള്ക്ക് 2.5 മില്യണ് ഡോളര് നല്കാമെന്ന് യുട്യൂബ് അറിയിച്ചിട്ടുണ്ട്.
ജനുവരി ആറിലെ കാപിറ്റോള് കലാപത്തെ തുടര്ന്ന് മേജര് പ്ലാറ്റ്ഫോമുകള് ട്രംപിന്റെ അക്കൗണ്ടുകള് നീക്കം ചെയ്തിരുന്നു. ട്രംപ് അക്രമത്തിന് ആഹ്വാനം ചെയ്യുമെന്ന ആശങ്കയിലായിരുന്നു നടപടി. 2021 ജനുവരി 12 മുതലാണ് പുതിയ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതില് നിന്ന് ട്രംപിനെ തടഞ്ഞത്. യുട്യൂബിന് പുറമേ ഫെയ്സ്ബുക്കും ട്വിറ്ററും ട്രംപിന്റെ അക്കൗണ്ടുകള് മരവിപ്പിച്ചിരുന്നു. തുടര്ന്ന് ട്രംപ് കോടതിയെ സമീപിച്ചു. ഈ കേസിലാണ് 22 മില്യണ് ഡോളര് നല്കി ഒത്തുതീര്പ്പാകുന്നത്.
2021 ജനുവരി ആറിന് ജോ ബൈഡന് പ്രസിഡന്റായി ചുമതലയേല്ക്കുമ്പോഴാണ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുയായികള് കാപിറ്റോളില് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. അമേരിക്കന് ചരിത്രത്തിലെ കറുത്തദിനമായാണ് ജനാധിപത്യവിശ്വാസികള് സംഭവത്തെ വിലയിരുത്തിയത്. കാപിറ്റോള് ആക്രമണത്തിന്റെ സൂത്രധാരന് ട്രംപ് ആണെന്ന് നേരത്തേ യുഎസ് പാര്ലമെന്റ് സമിതി റിപ്പോര്ട്ട് നല്കിയിരുന്നു. ഗൂഢാലോചനയില് പങ്കാളിയായി, കാപിറ്റോള് ആക്രമിക്കുന്നതില് നിന്ന് അനുയായികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചില്ല എന്നുള്ളതായിരുന്നു റിപ്പോര്ട്ടിലെ കണ്ടെത്തല്.
Content Highlights: YouTube Settles with Trump: $24.5 Million Payment Over Account Suspension