സിം കാര്ഡിന്റെ നാലുമൂലകളില് ഒരു മൂലയില് ഒരു കട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന് അറിയാമോ? സിം (SIM) എന്ന വാക്കിന്റെ പൂര്ണരൂപം അറിയാമോ? എന്താ അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടല്ല എന്നാണോ? ചില കാര്യങ്ങള് അങ്ങനെയാണ് നിത്യമുപയോഗിക്കുന്ന പല സംഗതികളുടെയും കൃത്യമായ ഒരു ചിത്രം നമുക്ക് അറിയില്ല.
സബ്സ്ക്രൈബര് ഐഡന്റിറ്റി മൊഡ്യൂള് എന്നാണ് സിം(SIM) എന്ന ചുരുക്കെഴുത്തിന്റെ പൂര്ണരൂപം. മിനി, മൈക്രോ, നാനോ തുടങ്ങി സാങ്കേതിക വിദ്യയുടെ വളര്ച്ചയോടെ സിം കാര്ഡിന്റെ വലിപ്പത്തില് കാലക്രമേണ മാറ്റങ്ങള് വന്നിരുന്നു. ഇനി ഇ സിം കാര്ഡിന്റെ കാലമാണ്.
മൊബൈല് ഫോണിനെ സെല്ലുലാര് നെറ്റ്വര്ക്കുമായി കണക്ട് ചെയ്യുക എന്നുള്ളതാണ് ഈ ഇത്തിരിക്കുഞ്ഞന് സിം കാര്ഡിന്റെ ജോലി. ഒപ്പം സിം ഉപയോഗിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഡേറ്റയും. അതായത് സിം കാര്ജിന് ഒരു ഐഡി നമ്പര് ഉണ്ടായിരിക്കും. അതാണ് ഇന്റര്നാഷ്ണല് മൊബൈല് സബ്സ്ക്രൈബര് ഐഡന്റിറ്റി നമ്പര്(IMSI). അതുപോലെ മോഷണം ഉള്പ്പെടെയുള്ളവ തടയുന്നതിനായി പേഴ്സണല് ഐഡന്റിഫിക്കേഷന് നമ്പറും ഇതിന് ഉണ്ടായിരിക്കും. ഐഎംഎസ്ഐ ആണ് പ്രസ്തുത നെറ്റ്വര്ക്കിലെ ഉപയോക്താവിനെ തിരിച്ചറിയുന്നത്. ഇക്കാരണത്താലാണ് ഒരു കമ്പനിയുടെ സിം കാര്ഡിന് മറ്റൊരു കമ്പനിയുടെ നെറ്റ്്വര്ക്കുമായി കണക്ട് ചെയ്യാന് സാധിക്കാത്തത്.
അഡൈ്വസ് ഓഫ് ചാര്ജ്, ഓതന്റിക്കേഷന് കീ, മൊബൈല് കണ്ട്രി കോഡ്, ലോക്കല് ഏരിയ ഐഡന്റിറ്റി, സര്വീസ് ഡയലിങ് നമ്പര്, സര്വീസ് പ്രൊവൈഡര് നെയിം, ഷോര്ട്ട് മെസേജ് സര്വീസ് സെന്റര്, അണ്ബ്ലോക്കിങ് കോഡ്, ഇന്റഗ്രേറ്റഡ് സര്ക്യൂട്ട് കാര്ഡ്, വോയ്സ് ആഡഡ് സര്വീസ് തുടങ്ങിയ വിവരങ്ങളും സിം കാര്ഡില് സ്റ്റോര് ചെയ്തിട്ടുണ്ട്. അതായത് നിങ്ങളുടെ ഫോണ് നമ്പറും നിങ്ങളുടെ മെസേജുകളുടെ ഒരു ഭാഗവുമെല്ലാം സിം കാര്ഡില് സ്റ്റോര് ചെയ്യുന്നുണ്ട്.
സിം കാര്ഡില് ബ്രൗസിങ് ഹിസ്റ്ററി ഉണ്ടാകുമോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഇതിനുത്തരം ഇല്ല എന്നാണ്. എന്നാല് ആദ്യ കാലങ്ങളില് 250 കോണ്ടാക്ടുകള് വരെ സിം കാര്ഡില് സൂക്ഷിക്കാന് സാധിക്കുമായിരുന്നു. നിലവില് പല ഫോണുകളും നിങ്ങളുടെ കോണ്ടാക്ടുകള് ക്ലൗഡ് സ്റ്റോറേജില് ആണ് സൂക്ഷിക്കുന്നത്.
സിം കാര്ഡില് എന്തൊക്കെ വിവരങ്ങള് സൂക്ഷിച്ചിട്ടുണ്ടെന്ന് സിം കാര്ഡ് റീഡറിന്റെ സഹായത്തോടെ നിങ്ങള്ക്ക് മനസ്സിലാക്കാനും സാധിക്കും. എല്ലാവര്ക്കുമുളള അടുത്ത സംശയം ഫോണില് നിന്ന് സിം കാര്ഡ് എടുത്തുമാറ്റിയാല് എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമോ എന്നാണ്. അതിനുത്തരം ഇല്ലെന്നാണ്. നിങ്ങളുടെ കോണ്ടാക്ട്, മെസേജുകള്, ആപ്പ്, വാള്പേപ്പര് വരെ സിം കാര്ഡില് ശേഖരിക്കപ്പെട്ടിരിക്കും.
ഇനി എന്തിനാണ് സിം കാര്ഡിന്റെ ഒരു മൂലയില് കട്ട് ഉള്ളത് എന്നുനോക്കാം. മൊബൈല് ഫോണിന്റെ തുടക്കകാലത്ത് ചതുരാകൃതിയാലാണ് സിം കാര്ഡുകള് വന്നിരുന്നത്. പലപ്പോഴും തലകീഴായ് കാര്ഡുകള് ഫോണില് ഉപയോക്താക്കള് ഇടുകയും സിം ഉപയോഗശൂന്യമാവുകയും ചെയ്തതോടെയാണ് ഉപയോക്താക്കള്ക്ക് എങ്ങനെ ഇടണമെന്ന് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി നിലവിലുളള രൂപകല്പനയില് എത്തുന്നത്.
പോക-യോക് ഡിസൈന് ആണ് സിം കാര്ഡ് രൂപകല്പനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു ജാപ്പനീസ് വാക്കാണ്. സിം കാര്ഡിന്റെ അതേ മാതൃകയില് ഫോണിലും സോക്കറ്റ് നിര്മിക്കാന് തുടങ്ങിയതോടെ സിം തെറ്റി ഇടുക എന്നൊരു സംഗതി ഇല്ലാതായി. ഫോണില് സിം കാര്ഡ് ശരിയായ രീതിയില് ഇട്ടില്ലെങ്കില് വളരെ നേര്ത്ത ചിപ്പ് കേടുവരും എന്ന് മാത്രമല്ല പ്രവര്ത്തിക്കുകയുമില്ല.
Content Highlights: Why SIM Cards Have a Cut Corner: The Surprising Reason