ബാറ്ററി 100 ശതമാനം ആകുന്നത് വരെ ഫോണ്‍ ചാര്‍ജിങ്ങിന് ഇടരുത്; കാരണം ഇതാണ്

100 ശതമാനം ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ് പ്രശ്‌നമാകുക.

നിത്യവും ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണോ? 100 ശതമാനം ചാര്‍ജ് ആയെന്ന് ഉറപ്പിക്കാറുണ്ടോ..എന്നാല്‍ നിത്യവും ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധര്‍ മുന്നറിപ്പ് നല്‍കുന്നത്. അങ്ങനെ ചെയ്താല്‍ അത് ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുമത്രേ.

100 ശതമാനം ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ് പ്രശ്‌നമാകുക. ബാറ്ററി ചാര്‍ജ് ആയിക്കഴിഞ്ഞാലും സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബാറ്ററി ചൂടാവുകയും അതിനകത്ത് സമ്മര്‍ദം രൂപപ്പെടുകയും ചെയ്യും. ഇത് പതിയെ ബാറ്ററിയുടെ ശേഷിയെ ബാധിക്കും. അതിനാലാണ് മിക്ക കമ്പനികളും ഫോണ്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്താല്‍ മതിയെന്ന് പറയുന്നത്.

ബാറ്ററിയുടെ ആരോഗ്യത്തിന് എല്ലായ്‌പ്പോഴും 20 ശതമാനത്തിനും 80 ശതമാനത്തിനും ഉള്ളില്‍ ബാറ്ററിയില്‍ ചാര്‍ജ് ഉണ്ടായിരിക്കണം. ഇത് ബാറ്ററിയിലെ സമ്മര്‍ദം കുറയ്ക്കും. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുകയും ചെയ്യും.

ആപ്പിള്‍, സാംസങ് ബ്രാന്‍ഡുകള്‍ ബാറ്ററി ഹെല്‍ത്ത് നിലനിര്‍ത്തുന്നതിനായി ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപ്രകാരം ഫോണ്‍ 80-90 ശതമാനം വരെ മാത്രം ചാര്‍ജ് ചെയ്യാനാവുന്ന രീതിയില്‍ സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്താം. ഇത് ദീര്‍ഘനേരത്തേക്ക് ബാറ്ററിയുടെ പെര്‍ഫോമന്‍സ് നിലനിര്‍ത്തും. ബാറ്ററി മാറ്റേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും.

എന്തെല്ലാം ശ്രദ്ധിക്കണം

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഇട്ട് വയ്ക്കരുത്. എല്ലായ്‌പ്പോഴും ഫോണിന്റെ യഥാര്‍ഥ ചാര്‍ജര്‍ തന്നെ ചാര്‍ജ് ചെയ്യുന്നതിനായി ഉപയോഗിക്കുക. ചൂടുള്ള സ്ഥലത്ത് വച്ച് ചാര്‍ജ് ചെയ്യാതിരിക്കാനായി ശ്രദ്ധിക്കുക. ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക. ഫാസ്റ്റ് ചാര്‍ജിങ് ഇടയ്ക്കിടെ ചെയ്യുന്നതും ബാറ്ററിയുടെ ആരോഗ്യം നഷ്ടപ്പെടുത്തും.

Content Highlights: Charging Your Phone Safely: Why 100% Might Not Be the Best

To advertise here,contact us