ഇനി ഇന്ത്യക്കും സ്വന്തമായി ചാറ്റിംഗ് ആപ്പ്. വാട്ട്സ്ആപ്പിന് പകരമായി ഇന്ത്യയില് നിര്മ്മിച്ച മെസേജിംഗ് ആപ്പായ അരട്ടായി (Arattai) എല്ലാവരും ഉപയോഗിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്പ്പറേഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. അരട്ടായി ഉപയോഗിക്കാന് എളുപ്പമുള്ളതും സുരക്ഷിതവുമാണെന്നും ധര്മ്മേന്ദ്ര പ്രധാന് പറഞ്ഞു. പ്രാദേശികമായി നിര്മ്മിച്ച ഈ ആപ്പിനെ എല്ലാവരും ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളില് നിലവില് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ആപ്പ്.
അരട്ടായി എന്നതുകൊണ്ട് കാഷ്വല് ചാറ്റ് എന്നാണ് അര്ത്ഥമാക്കുന്നത്. ഉപയോക്താക്കള്ക്ക് സന്ദേശങ്ങള്, ചിത്രങ്ങള്, വീഡിയോകള്, ഡോക്യുമെന്റുകള് എന്നിവ അയയ്ക്കാനും, വോയ്സ്, വീഡിയോ കോളുകള് ചെയ്യാനും, ചാനലുകള് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ബിസിനസുകള്ക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമാണ്.
നിലവില് എന്ഡ്-ടു-എന്ഡ് എന്ക്രിപ്റ്റഡ് കോളുകള് അരട്ടായി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സന്ദേശങ്ങള്ക്ക് എന്ഡ്-ടു-എന്ഡ് എന്ക്രിപ്ഷന് ഇല്ല എന്നത് ഒരു പ്രധാന പരിമിതിയാണ്. അയച്ചയാള്ക്കും സ്വീകര്ത്താവിനും മാത്രമേ സന്ദേശങ്ങള് വായിക്കാന് കഴിയൂ എന്ന് ഉറപ്പാക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് എന്ഡ്-ടു-എന്ഡ് എന്ക്രിപ്ഷന്. അരട്ടായി എന്ക്രിപ്റ്റ് ചെയ്ത കോളുകള് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സന്ദേശങ്ങളില് ഈ സ്വകാര്യത ലഭിക്കാത്തതിനാല് ഉപയോക്താക്കളെ ഇത് ആശങ്കപ്പെടുത്തുന്നുണ്ട്.
ശ്രീധര് വെമ്പുവും ടോണി തോമസും ചേര്ന്ന് 1996-ല് സ്ഥാപിച്ച മാതൃ കമ്പനിയായ സോഹയാണ് ഈ ആപ്പിന് പിന്നില്. ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനി ഇമെയില്, സിആര്എം, എച്ച്ആര്, അക്കൗണ്ടിംഗ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലായി 55-ലധികം ബിസിനസ് ആപ്ലിക്കേഷനുകള് വാഗ്ദാനം ചെയ്യുന്നുണ്ട്. 150 രാജ്യങ്ങളിലായി 130 ദശലക്ഷത്തിലധികം ഉപയോക്താക്കള്ക്ക് സേവനം നല്കുന്ന സോഹോയുടെ ക്ലൈന്റുകള് എന്ന് പറയുന്നത്, ആമസോണ്, നെറ്റ്ഫ്ലിക്സ്, ഡെലോയിറ്റ്, പ്യൂമ, ടൊയോട്ട, സോണി, ലോറല് തുടങ്ങിയ ആഗോള ഭീമന്മാരാണ്. 'ഇന്ത്യയില് നിര്മ്മിച്ചത്. ലോകത്തിനായി നിര്മ്മിച്ചത്' എന്നതാണ് സോഹോയുടെ മുദ്രാവാക്യം.
Content Highlights: Union Education Minister Dharmendra Pradhan endorses Arattai