വാട്‌സ്ആപ്പിലൂടെ ഇനി ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം

വളരെ പെട്ടന്ന് വാട്‌സ്ആപ്പിലൂടെ ആധാര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം

ആധാര്‍ കാര്‍ഡ് ഒരു പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ലഭിക്കുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ്. പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ ആധാര്‍ കയ്യില്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും? എന്നാല്‍ ഇനി കാര്യം എളുപ്പമാണ്. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭ്യമാകുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരു പുതിയ മാര്‍ഗ്ഗം അവതരിപ്പിച്ചിട്ടുണ്ട്. My Gov Helpdesk Chatbot വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.ഇതുവരെ UIDAI പോര്‍ട്ടല്‍ അല്ലെങ്കില്‍ DigiLocker വഴിയാണ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ ഈ മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാകുന്നതിനുള്ള സുരക്ഷിത ഓപ്ഷനായി വാട്‌സ് ആപ്പ് മാറുകയാണ്.

എങ്ങനെയാണ് വാട്‌സ് ആപ്പിലൂടെ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്

വാട്‌സ് ആപ്പിലൂടെ ആധാര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം വേണ്ടത് ആധാറുമായി ലിങ്ക് ചെയ്ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്ടീവായുള്ള ഡിജിലോക്കര്‍ അക്കൗണ്ടുമാണ്. ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ ഡിജിലോക്കര്‍ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അവ ഫോണിൽ സജ്ജീകരിക്കാൻ സാധിക്കും.

ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഘട്ടങ്ങള്‍

  • ഫോണില്‍ My Gov ഹെല്‍പ്പ് ഡെസ്‌ക് നമ്പറായ (+91-9013151515) സേവ് ചെയ്യുക
  • വാട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് 'ഹായ്' അല്ലെങ്കില്‍ 'നമസ്‌തേ' പോലെയുളള ആശംസകള്‍ അയക്കുക.
  • ശേഷം ചാട്ട്‌ബോട്ട് തരുന്ന ഓപ്ഷനുകളില്‍ നിന്ന് ഡിജിലോക്കര്‍ സര്‍വ്വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
  • ഡിജിലോക്കര്‍ അക്കൗണ്ട് സ്ഥിരീകരിച്ച് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക
  • നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മൊബൈലിലേക്ക് അപ്പോള്‍ ഒരു ഒടിപി വരും .ആ ഒടിപി നമ്പര്‍ ചാട്ട്‌ബോട്ടിന് നല്‍കുക.
  • നമ്പര്‍ വേരിഫൈ ചെയ്തുകഴിയുമ്പോള്‍ ചാട്ട്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്റുകളുടെയും ഒരു പട്ടിക കാണിച്ചുതരും.
  • അതില്‍നിന്ന് ആധാര്‍ തിരഞ്ഞെടുക്കുക.കാര്‍ഡിന്റെ ഒരു PDF നേരിട്ട് വാട്‌സ്ആപ്പില്‍ ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യം

ഈ ഓപ്ഷനിലൂടെ ഒരുസമയം ഒരു രേഖ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. മാത്രമല്ല ഡിജിലോക്കര്‍ വഴി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ഇതിലൂടെ ലഭിക്കുകയുള്ളൂ.

Content Highlights :Learn how to download Aadhaar card through WhatsApp

To advertise here,contact us