നിങ്ങളുടെ ജിമെയിലില് സ്റ്റോറേജ് ഫുള് ആയോ? മിക്കവര്ക്കും ജിമെയില് തുറക്കുമ്പോഴുള്ള ഒരു ബുദ്ധിമുട്ടാണല്ലേ ഇത്. സ്റ്റോറേജ് ഫുള് ആകുമ്പോള് മെയിലുകള് കുറച്ചൊക്കെ ഡിലീറ്റ് ചെയ്യുകയോ സെലക്ട് ഓള് കൊടുത്ത് ഡിലീറ്റ് ചെയ്യുകയോ ആണ് പലരും ചെയ്യാറ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പലര്ക്കും വിലപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്യും. ജിമെയില് ഓരോ ഉപയോക്താവിനും 15 ജി ബി സൗജന്യമായി നല്കുന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ആ സ്പേസും വേഗത്തില് നിറയുന്നതാണ് പല ഉപയോക്താക്കളെയും വലയ്ക്കുന്നത്.
ഇ-മെയില് മാത്രമല്ല ഗൂഗിള് ഡ്രൈവും ഗൂഗിള് ഫോട്ടോകളും ഒക്കെ നിങ്ങളുടെ ജിമെയിലിലെ 15 ജിബി കവര്ന്നെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി പണമടച്ചുള്ള പ്ലാനുകള് സബ്സ്ക്രൈബ് ചെയ്യുകയാണ് ആകെയുളള മാര്ഗ്ഗം. എന്നാല് സൗജന്യമായി ലഭിക്കുന്ന ഈ 15 ജിബി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു വഴി പറഞ്ഞുതരികയാണ് സാങ്കേതിക വിദഗ്ധനായ ക്രിസ് ബേയര്.
15 ജിബി ഫലപ്രദമായി ഉപയോഗിക്കുന്നതിന് മുന്പ് അത്യാവശ്യ ഡാറ്റ ബക്കപ്പ് ചെയ്യേണ്ട ആവശ്യമുണ്ട്. ജിമെയിലിന്റെ വലതുവശത്ത് കാണുന്ന മെനു എന്ന ഓപ്ഷനില് ക്ലിക്ക് ചെയ്യുക. സ്റ്റോറേജ് ഡീറ്റെയില്സ് സെലക്ട് ചെയ്യുമ്പോള് അവിടെ ക്ലീന് അപ് സ്പേസ് ഓപ്പണ് ചെയ്യാന് സാധിക്കും. അവിടെ വരുന്ന ലാര്ജ് ഫോട്ടോസ് ഓപ്പണാക്കി ആവശ്യമില്ലാത്ത വലിയ ഫയലുകള് ഡിലീറ്റ് ചെയ്യാം.അതുപോലെ ഡാറ്റ ബാക്കപ്പ് ചെയ്യാന് Google Takeout ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ജി-മെയിലുകളും ഡോക്യുമെന്റുകളും കമ്പ്യൂട്ടറിലേക്കോ പെൻ ഡ്രൈവിലേക്കോ, എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലേയ്ക്കോ മാറ്റാന് സാധിക്കും. ഇത് ലളിതമായ ഒരു മാര്ഗ്ഗമാണ്.
രണ്ടാമത് ഒരു ജിമെയില് അക്കൗണ്ട് ഉണ്ടാക്കുന്നത് അതിനെ ബാക്കപ്പ് സ്റ്റോറേജ് ആയി പ്രവര്ത്തിക്കാന് സഹായിക്കും. നിങ്ങള് ഇപ്പോള് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രധാന ജിമെയില് അക്കൗണ്ടില് നിന്ന് ഇമെയിലുകള് പകര്ത്തിയെടുക്കാന് ഇത് സഹായിക്കും. രണ്ടാമത് ഉണ്ടാക്കിയ ജി-മെയില് അക്കൗണ്ടില് കയറി Accounts and Import എന്നതിലേക്ക് പോവുക.അവിടെ യഥാര്ഥ ജി-മെയില് അഡ്രസ് കൊടുക്കുക. സുരക്ഷയ്ക്കായി പോര്ട്ട് 995,SSL കണക്ഷന് എന്നിവ ഉപയോഗിച്ച് POP3 ക്രമീകരണങ്ങള് കോണ്ഫിഗര് ചെയ്യാം. അപ്പോള് മെയിലുകള് ഈ ബാക്കപ്പ് അക്കൗണ്ടില് ഉടനടി ആര്ക്കൈവ് ചെയ്യാന് കഴിയും.
ഈ രീതി നിങ്ങളുടെ ഇമെയിലുകള് പൂര്ണ്ണമായും രണ്ടാമത്തെ അക്കൗണ്ടില് സേവ് ചെയ്യുകയും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ജി-മെയില് അക്കൗണ്ടില് സ്പേസ് ലഭിക്കാനും സഹായിക്കുന്നു. ഇങ്ങനെ നിങ്ങള്ക്ക് ലഭ്യമായ 15 GB തിരികെ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളെല്ലാം രണ്ടാമത്തെ അക്കൗണ്ടില് സുരക്ഷിതവുമാണ്.
Content Highlights :How to get 15GB of extra Gmail storage without paying