ഐഫോൺ എയറിനും സാംസങ് എഡ്ജിനും പുതിയ എതിരാളി; 'സ്ലിം' ബോഡിയുമായി മോട്ടറോള എത്തുന്നു

മോട്ട എഡ്ജ് 70 എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്

കനംകുറഞ്ഞ വളരെ നേര്‍ത്ത ബോഡിയുള്ള ഫോണുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയും. സാംസങ് ഗാലക്സി എസ്25 എഡ്ജ്, ആപ്പിള്‍ ഐഫോണ്‍ എയര്‍ എന്നിവയ്‌ക്കൊപ്പം ഈ കാറ്റഗറിയിലേക്ക് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയും ബ്രാന്‍ഡ് അള്‍ട്രാ- തിന്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ട എഡ്ജ് 70 എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

9to5Google-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു ചിത്രം സൂചിപ്പിക്കുന്നത് മോട്ടറോള അതിന്റെ മുന്‍ എഡ്ജ് സീരീസ് മോഡലുകളുടെ പ്രത്യേകതകളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്ലീക്ക് പ്രൊഫൈലിന് മുന്‍ഗണന നല്‍കി ഫോണ്‍ പുറത്തിറക്കാനാണ് സാധ്യത. ഒരു ഓഫ്-ആംഗിള്‍ പ്രൊഫൈല്‍ വ്യൂ ആണ് പുറത്തുവന്ന ചിത്രത്തില്‍ ഉള്ളത്. പുതിയ ഫോണ്‍ എഡ്ജ് 60നോട് സാമ്യമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ നേര്‍ത്ത ബോഡിയാണ് പ്രധാന ഡിസൈന്‍ മാറ്റമായി ശ്രദ്ധ നേടുന്നത്.

സ്ലിം ബോഡി തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതിയ ഫോണില്‍ നിലവിലുള്ള നിരവധി ഫീച്ചറുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എഐ കീ, കര്‍വ്ഡ് സൈഡ് പാനലുകള്‍ അടക്കം മുന്‍ മോഡലുകള്‍ക്ക് ഉണ്ടായിരുന്ന ഫീച്ചറുകള്‍ പുതിയ ഫോണിലും കാണാന്‍ സാധിക്കും. ഈ ഫോണിലും ബോഡിയില്‍ നിന്ന് പൊങ്ങി നില്‍ക്കുന്ന ലെന്‍സുള്ള ക്യാമറ സജ്ജീകരണമാണുള്ളത്.

എഡ്ജ് 70 കൂടുതല്‍ സ്ലിമ്മായി കാണപ്പെടുമെങ്കിലും, അത് മെയിന്‍ലൈന്‍ എഡ്ജ് സീരീസിന്റെ ഭാഗമായി തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ലാഗ്ഷിപ്പ് ടെറിട്ടറിയില്‍ ആയിരിക്കില്ല പകരം മിഡ്-റേഞ്ച് വിഭാഗത്തിലായിരിക്കും ഈ ഫോണ്‍. സ്മാര്‍ട്ട്ഫോണില്‍ ടോപ്പ്-ടയര്‍ സ്പെസിഫിക്കേഷനുകള്‍ ഉണ്ടാകണമെന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlights: Motorola to launch ultra-thin smartphone

To advertise here,contact us