ഇന്ത്യയിൽ കുതിച്ച് ആപ്പിൾ; സ്മാർട്ട്ഫോൺ വിൽപ്പനയിൽ മറ്റ് ബ്രാൻഡുകളെ വെല്ലുവിളിച്ച് ഐഫോൺ 17

ഈ വര്‍ഷം ആദ്യപാദത്തില്‍ ഇന്ത്യയിലെ ഫോണ്‍ വില്‍പ്പനയില്‍ 35ശതമാനം വളര്‍ച്ചയുമായി ആപ്പിള്‍ ഒന്നാമത്

ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയിരിക്കുകയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐഫോണ്‍ 17. പ്രോ, പ്രോ മാക്‌സ് തുടങ്ങിയ വേരിയന്റുകളുടെ വില്‍പ്പന പലയിടങ്ങളിലും പൂര്‍ത്തിയായി. ഐഫോണ്‍ 17 ന് വേണ്ടി പല സ്റ്റോറുകളുടെയും മുന്നില്‍ അടിപിടി നടന്നതിന്റെ വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. ബാന്ദ്രയിലെ ആപ്പിള്‍ സ്റ്റാറിന് മുന്‍പിലാണ് അടിയുണ്ടായത്.

വിവോ, ഓപ്പോ, റിയല്‍മി തുടങ്ങിയ ജനകീയ ബ്രാന്‍ഡുകളുടെയല്ലാം വില്‍പ്പനയെ മറികടന്നിരിക്കുകയാണ് ആപ്പിളിൻ്റെ പുതിയ മോഡലായ ഐഫോണ്‍ 17. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഐഫോണിന്റെ വില്‍പ്പന 35% വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് രാജ്യത്തെ അഞ്ചാമത്തെ സ്മാര്‍ട്ടഫോണ്‍ ബ്രാന്‍ഡായ ആപ്പിളിന്റെ സ്മാര്‍ട്ടഫോണ്‍ വിപണി വിഹിതം എന്നത് 9.7% ആണ്. 20% വിപണി വിഹിതവുമായി ചൈനീസ് ഫോണായ വിവോ ആണ് ഏറ്രവും മുന്നില്‍. സാംസങ് (14.7%), ഒപ്പോ (12.3%), റിയല്‍മി (10.1%) എന്നിവയാണ് തൊട്ടുപിന്നിലുള്ളവ.

ഐഫോണ്‍ 17ന്റെ അടിസ്ഥാന വില ഐഫോണ്‍ 16 നെക്കാള്‍ കൂടുതലാണ്. എന്നാല്‍ ഐഫോണ്‍ 17ന്റെ ബേസ് സ്റ്റോറേജ് 256GBയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 16ന്റെ ബേസ് സ്റ്റോറേജ് 128GBആയിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ആപ്പിള്‍ പുതിയ സീരീസില്‍ ഒരുക്കിയിട്ടുണ്ട്. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന ആപ്പിളിന്റെ ആദ്യത്തെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 പ്രോ എത്തുന്നത്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഐഫോണ്‍ 17 പ്രോയില്‍ ഉള്ളത്, അതേസമയം 17 പ്രോ മാക്‌സിന് അതേ സ്‌പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനുകള്‍ക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഉപകരണങ്ങള്‍ക്കും 3,000nits എന്ന പീക്ക് ഔട്ട്‌ഡോര്‍ ലൈറ്റുമുണ്ട്.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐഫോണ്‍ 17 സീരീസില്‍ ലിക്വിഡ് ഗ്ലാസ് യൂസര്‍ ഇന്റര്‍ഫേസും പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകളും കൊണ്ടുവരുന്നുണ്ട്. സന്ദേശങ്ങളിലെ തത്സമയ വിവര്‍ത്തനം, ഫേസ്‌ടൈം, ഫോണ്‍ ആപ്പ്, നവീകരിച്ച വിഷ്വല്‍ ഇന്റലിജന്‍സ് കഴിവുകള്‍, കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമുള്ള പുതിയ സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ എന്നിവ പോലുള്ള കൃത്രിമ ഇന്റലിജന്‍സ് (AI) സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫോണുകളില്‍ ലഭിക്കും.

Content highlights: Apple tops india phone sales growth

To advertise here,contact us