ഇന്നത്തെകാലത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയല്ല. നമ്മുടെ നിത്യജീവിതം തന്നെ ഒരു മൊബൈൽ ഫോണിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. എന്തിനും ഏതിനും മൊബൈൽ ഫോൺ വേണം. അവയില്ലെങ്കിൽ നമ്മുടെ ഒരു ദിവസം തന്നെ നിന്നുപോയ പ്രതീതിയായിരിക്കും നമുക്ക് അനുഭവപ്പെടുക. എന്നാൽ മൊബൈലുകൾക്കും ഇടയ്ക്കിടെ റീസ്റ്റാർട്ടിങ് വേണമെന്ന് നമുക്കറിയാമോ?
അതെ, മൊബൈൽ ഫോണുകൾ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിന് അതിന്റേതായ ഗുണങ്ങളുമുണ്ട്. അവ ഇവയാണ്.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണം എന്നാണ് ടെക്ക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും റീസ്റ്റാർട്ട് ചെയ്യുന്നത് പോലെത്തന്നെ മൊബൈലുകൾക്കും ആ പ്രക്രിയ അത്യാവശ്യമാണ്. ഫോണിൻ്റെ സ്പീഡിനും മറ്റും റീസ്റ്റാർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൃത്യമായി റീസ്റ്റാർട്ട് ചെയ്യുന്നത് അനാവശ്യമായ മെമ്മറി ക്ലിയർ ചെയ്യാനും ബാറ്ററി കപ്പാസിറ്റി വർധിപ്പിക്കാനും മറ്റും സഹായിക്കും. ചെറിയ സോഫ്റ്റ്വെയർ ബഗ്ഗുകൾ ഉണ്ടെങ്കിലും, മൊബൈലിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്താനും റീസ്റ്റാർട്ടിങ് സഹായിക്കും. മറ്റൊന്ന് കൂടിയുണ്ട്. നമ്മൾ നിരന്തരം നേരിട്ടുവരുന്ന പ്രതിസന്ധികളായ നെറ്റ്വർക്ക് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അപ്ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഫോൺ ചൂടാക്കുക എന്നിവയും പരിഹരിക്കപ്പെടും.
റീസ്റ്റാർട്ട് ചെയ്യുന്നില്ലെങ്കിൽ മൊബൈലിന്റെ പ്രവർത്തനം ഏറെക്കുറെ അവതാളത്തിലാകും എന്നുതന്നെ വേണം പറയാൻ. ബാക്ക്ഗ്രൗണ്ട് ആപ്പുകളുടെ പ്രവർത്തനം, വേഗം കുറഞ്ഞ പെർഫോമൻസ്, ബാറ്ററി വേഗം താഴുക തുടങ്ങിയവ നേരിടാം. ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആകുക, ഫ്രീസ് ആകുക, നെറ്റ്വർക്ക് പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം.
അപ്ഡേറ്റുകൾ സമയത്തിന് പ്രത്യക്ഷപ്പെട്ടേക്കില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഡാറ്റ അപ്ഡേറ്റുകളും മറ്റും ബാധിക്കപ്പെട്ടേക്കാം. മോശം നെറ്റ്വർക്ക് കണക്ടിറ്റിവിറ്റി, കോളുകൾ തനിയെ കട്ട് ആകുക എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങളാണ്.
Content Highlights: why people should restart phones once in a week