'കൈവശം വെക്കാം പക്ഷെ ചാർജ് ചെയ്യരുത്' എന്തുകൊണ്ടാണ് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ലാത്തത് ?

പോർട്ടബിൾ ചാർജറുകളോ പവർ ബാങ്കുകളോ വിമാനങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് നോക്കാം

വിമാനയാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അറിയാം പോർട്ടബിൾ ചാർജറുകളോ പവർ ബാങ്കുകളോ വിമാനങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കില്ലായെന്നത്. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ബാങ്കിൽ നിന്ന് പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും പോലെ തന്നെയാണ് ഈ ഉപകരണങ്ങളുടെ പ്രവർത്തനവും. കോംപാക്റ്റ് ഉപകരണങ്ങൾ വഴി വൈദ്യുതി സംഭരിച്ച ശേഷം പിന്നീട് മൊബൈൽ ഉപകരണങ്ങളിലേക്ക് ഇവയെ കടത്തി വിടുന്നതാണ് ഇവയുടെ ജോലി.

ഇവയ്ക്കുള്ളിൽ ഒരു സംരക്ഷിത കേസിംഗിൽ സ്ഥാപിച്ചിരിക്കുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററിയും വൈദ്യുതിയുടെ പ്രവാഹം നിയന്ത്രിക്കുന്ന സർക്യൂട്ടറിയുമുണ്ട്. മിക്ക പവർ ബാങ്കുകളും ലിഥിയം-അയൺ (Li-ion) അല്ലെങ്കിൽ ലിഥിയം-പോളിമർ (Li-Po) സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ലിഥിയം-അയൺ ബാറ്ററി ലിഥിയം അയോണുകൾ ഉപയോഗിച്ച് ഊർജ്ജം സംഭരിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു. ഇതിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്. ആനോഡ് (നെഗറ്റീവ് വശം), കാഥോഡ് (പോസിറ്റീവ് വശം), ഇലക്ട്രോലൈറ്റ് (അയോണുകളെ ചലിപ്പിക്കാൻ സഹായിക്കുന്ന ഒരു ദ്രാവകം അല്ലെങ്കിൽ ജെൽ).

ബാറ്ററി ഡിസ്ചാർജ് ചെയ്യുമ്പോൾ ലിഥിയം അയോണുകൾ ഇലക്ട്രോലൈറ്റ് വഴി ആനോഡിൽ നിന്ന് കാഥോഡിലേക്ക് നീങ്ങുന്നു. ഇലക്ട്രോണുകൾ സർക്യൂട്ടിലൂടെ ഒഴുകുകയും ഉപകരണത്തിന് പവർ നൽകുന്ന വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സാധാരണ സാഹചര്യങ്ങളിൽ ഈ പ്രക്രിയ സ്ഥിരതയുള്ളതാണ്. പക്ഷേ ബാറ്ററി കേടായാലോ, അമിതമായി ചാർജ്ജ് ചെയ്യപ്പെട്ടാലോ, ഷോർട്ട് സർക്യൂട്ട് ഉണ്ടായാലോ രാസ സന്തുലിതാവസ്ഥ തകരാൻ സാധ്യതയുണ്ട്. ഈ തെർമൽ റൺവേ ഒരു സ്വയം-സ്ഥിരമായ ചെയിൻ റിയാക്ഷനാണ്. അവിടെ ഉയരുന്ന താപനില കൂടുതൽ താപം ഉൽ‌പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഇത് ഒടുവിൽ സ്ഫോടനത്തിനോ വിഷവാതകങ്ങൾ പുറത്ത് വിടാനോ വരെ കാരണമായേക്കാം.

അങ്ങനെ വരുമ്പോൾ ഉയരങ്ങളിൽ എത്തുമ്പോൾ (~35,000 അടി), വിമാനത്തിൽ കുറഞ്ഞ വായു മർദ്ദം അനുഭവപ്പെടും. ഈ സമയം കുറഞ്ഞ മർദ്ദത്തിൽ വാതകങ്ങൾ കൂടുതൽ വികസിക്കുകയും കേസിംഗ് പൊട്ടാൻ ഇടയാക്കും ചെയ്തേക്കാം. ഇത് ഒരു സ്ഫോടനത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഈ അപകടം മുന്നിൽ കണ്ടാണ് ഇവയെ വിമാനത്തിനുള്ളിൽ ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിപ്പിക്കാത്തത്.

Content Highlights- 'You can hold it but don't charge it': Why you shouldn't use a power bank on a plane

To advertise here,contact us