ഇനി ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പോസ്റ്റ് ഓഫീസില്‍ ലഭിക്കും; റീച്ചാര്‍ജും ചെയ്യാം

ഇന്ത്യാ പോസ്റ്റിന്റെ 1.65 ലക്ഷം പോസ്‌റ്റോഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളം ബിഎസ്എന്‍എല്‍ ന്റെ മൊബൈല്‍ സേവനങ്ങള്‍ വികസിപ്പിക്കുകയാണ് തപാല്‍ വകുപ്പിന്റെയും (ഡിഒപി) ബിഎസ്എന്‍എല്‍ ന്റെയും ലക്ഷ്യം

ബിഎസ്എന്‍എല്‍ സിം കാര്‍ഡുകളും റീച്ചാര്‍ജും ഇനി പോസ്റ്റ് ഓഫീസിലും ലഭ്യം. ഇന്ത്യാപോസ്റ്റിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. തപാല്‍ ശൃംഖല പ്രയോജനപ്പെടുത്തി മൊബൈല്‍ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇതിലൂടെ ബിഎസ്എന്‍എല്‍ന്റെ ടെലകോം സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി സിം റീചാര്‍ജ്ജ് ചെയ്യാനും സിംകാര്‍ഡ് വാങ്ങാനും സാധിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഈ മാര്‍ഗ്ഗം കൂടുതല്‍ ഗുണം ചെയ്യും. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക, മൊബൈല്‍ സേവനങ്ങളുലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുക, സാമൂഹിക സാമ്പത്തിക വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോവുക ഇവയാണ് ലക്ഷ്യം.

2025 സെപ്റ്റംബര്‍ 17 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇത് പുതുക്കാനും സാധ്യതയുണ്ട്. ഡിഒപിയും ബിഎസ്എന്‍എല്ലും സംയുക്തമായി പങ്കാളിത്തം നിരീക്ഷിക്കുകയും സൈബര്‍ സുരക്ഷയും ഡേറ്റ സ്വകാര്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇന്ത്യാപോസ്റ്റും ബിഎസ്എന്‍എല്ലും അസമില്‍ ഇതിനോടകം ഒരു പ്രൂഫ് -ഓഫ് -കണ്‍സെപ്റ്റ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

To advertise here,contact us