ഫോൺ ചാർജായി കഴിഞ്ഞാൽ ആദ്യം എന്താണ് നിങ്ങൾ ചെയ്യുക ? ഫോൺ ചാർജറിൽ നിന്ന് വേർപ്പെടുത്തുന്നു, ചാർജർ പ്ലഗിൽ തന്നെയിട്ട് പോകുന്നു, അല്ലേ ? മിക്കവരും ഫോൺ ചാർജ് ചെയ്ത ശേഷം ഇങ്ങനെയാവും ചെയ്യുന്നത്. ഫോൺ ചാർജറിൽ നിന്ന് വേർപ്പെടുത്തിയാൽ പിന്നെ വൈദ്യുതി ഉപയോഗിക്കില്ലായെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ശരിക്കും അങ്ങനെ തന്നെയാണോ സംഭവിക്കുന്നത് ? പഠനങ്ങൾ അനുസരിച്ച് ഉപയോഗത്തിന് ശേഷവും ചാർജർ പ്ലഗിൽ തന്നെ ഓഫാകാതെ ഇട്ടാൽ അത് വാമ്പയർ പവറിന് കാരണമായേക്കാം. ഇത് ഊർജ്ജം പാഴാക്കുന്നതിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്താണ് വാമ്പയർ പവർ ?
'വാമ്പയർ പവർ' എന്നത് പ്ലഗ്-ഇൻ ആയി തുടരുന്നതും എന്നാൽ സജീവമായി ഉപയോഗത്തിലില്ലാത്തതുമായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ചെറിയ തോതിലുള്ള വൈദ്യുതിയാണ്. ചാർജറിന് കുറഞ്ഞ അളവിൽ മാത്രമേ ഊർജ്ജം ഉപയോഗിക്കാൻ കഴിയൂവെങ്കിലും ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഉപകരണങ്ങളിലുടനീളം പ്രവർത്തിക്കുമ്പോൾ ഇത് ഗാർഹിക വൈദ്യുതി ഉപയോഗത്തിലും നിങ്ങളുടെ വൈദ്യുതി ബില്ലിലും ഗണ്യമായ വർദ്ധനവിന് കാരണമാകും.
പ്ലഗ് ഇൻ ചാർജറുകൾ ഊർജം പാഴാക്കുന്നോ ?
പലരും ഫോണുകൾ ചാർജ് ചെയ്തു കഴിഞ്ഞാലും ചാർജറുകൾ സോക്കറ്റുകളിൽ പ്ലഗ് ചെയ്ത് വളരെ നേരം വയ്ക്കാറുണ്ട്. ഊർജ്ജ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ ശീലം ചെറിയ അളവിൽ ആണെങ്കിലും വൈദ്യുതി പാഴാക്കാൻ കാരണമാകുന്നു. ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ചാർജർ വൈദ്യുതി ഉപയോഗിക്കുന്നത് തുടരുന്നു. ചാർജറിനുള്ളിലെ ആന്തരിക ട്രാൻസ്ഫോർമറും സർക്യൂട്ടറിയും സജീവമായും ചാർജ് ചെയ്യാൻ തയ്യാറായി തുടരുന്നതിനാലാണ് സ്റ്റാൻഡ്ബൈ പവർ അല്ലെങ്കിൽ 'വാമ്പയർ പവർ' ഉണ്ടാകുന്നത്. ഇത് വൈദ്യുതി ബിൽ അധികമാക്കും.
ഒറ്റപ്പെട്ട സാഹചര്യത്തിൽ, ഒരു ചാർജർ ഉപയോഗിക്കുന്ന വൈദ്യുതി വളരെ കുറവാണ്. എന്നാൽ വീടുകളിലും ഓഫീസുകളിലും നിരന്തരം പ്ലഗ്-ഇൻ ചെയ്തിരിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഇത് വർദ്ധിക്കുന്നു. കാലക്രമേണ, ഇത് അനാവശ്യമായ വൈദ്യുതി ഉപഭോഗത്തിലേക്ക് നയിക്കുക മാത്രമല്ല നിങ്ങളുടെ ചാർജറിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. അതിനാൽ ചാർജ് ചെയ്ത ശേഷം ചാർജർ അഴിച്ച് വെയ്ക്കാൻ മറക്കാതിരിക്കാം.
Content Highlights- Don't unplug the charger after charging your phone? will increase electricity bill?