നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക് കടന്നുവരാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നത് അറിവുകേട് കൊണ്ട് നമ്മൾ തന്നെയാണെന്നതും മറന്ന് പോകരുത്. ഇതിനെ ഒരു പരിധിവരെ തടയാനും നമുക്ക് തന്നെ സാധിക്കും. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ പറഞ്ഞുതരാം.
പ്രൈവസിയും ഡാറ്റാ സെക്യൂരിറ്റിയുമാണ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ.
സാങ്കേതികവിദ്യകൾ വികസിക്കുമ്പോൾ ഓൺലൈൻ തട്ടിപ്പുകാരും അതിനനുസരിച്ച് അപ്പ്ഡേറ്റ് ആവുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടുക മാത്രമല്ല പലരും വഞ്ചിക്കപ്പെടുന്ന സാഹചര്യവും വാർത്തകളായി പുറത്ത് വരുന്നുണ്ട്. സ്മാർട്ട് ഫോൺ കാമറകൾ, മൈക്രോഫോൺ, സർച്ച് ഹിസ്റ്ററി എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കൾ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് പല റിപ്പോർട്ടുകളും ഉയർത്തുന്ന ആശങ്ക.
നിങ്ങളുടെ സ്മാർട്ട്ഫോൺ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം?
എപ്പോഴൊക്കെ നമ്മൾ നമ്മുടെ കാമറ, മൈക്രോഫോൺ, സ്റ്റോറേജ് എന്നിവയ്ക്കുള്ള അനുമതി സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾക്ക് നൽകുന്നുണ്ടോ അപ്പോഴൊക്കെ അപകടം വിളിച്ചുവരുത്തുകയാണ്. സ്മാർട്ട്ഫോണിലെ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ അനുമതികൾ മാത്രമേ നൽകാൻ പാടുള്ളു. ആവശ്യമില്ലാത്ത അക്സസ് സ്മാർട്ട്ഫോണുകൾക്ക് നൽകാതിരിക്കുക. കാമറയും മൈക്കുമാണ് രഹസ്യമായ നിരീക്ഷണത്തിന് ഫോണുകൾ ഉപയോഗിക്കുക. ഒരാവശ്യവുമില്ലാതെ കാമറയും മൈക്കും ഓണാണെങ്കിൽ അല്ലെങ്കിൽ ആക്ടീവാണെങ്കിൽ സ്ക്രീനിലൊരു പച്ച വെളിച്ചം മിന്നുന്നത് കാണാം.
ആപ്പ് പെർമിഷനുകൾ കൈകാര്യം ചെയ്യുമ്പോൾ, ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക, അതിന് ശേഷം പ്രൈവസി ആൻഡ് മാനേജ് ദി ആപ്പ് പെർമിഷനിലെ പെർമിഷൻ മാനേജർ എന്ന ഓപ്ഷനെടുക്കുക, ഇവിടെ എന്തിനെല്ലാം അനുമതി നൽകാമെന്ന് നിങ്ങൾക്ക് കാണാം കഴിയും. അതായത് മൈക്രോഫോൺ, കാമറ, ലൊക്കേഷൻ എന്നിവയ്ക്ക് പെർമിഷൻ നൽകണോ എന്നത് നമുക്ക് തീരുമാനിക്കാം. പ്രൈവസി ശക്തമാക്കാൻ ആവശ്യമുള്ള അനുമതികൾ മാത്രം നൽകുക.
ആപ്ലിക്കേഷനുകൾ കൃത്യമായി അപ്പ്ഡേറ്റ് ചെയ്യുക എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സ്മാർട്ട്ഫോൺ കമ്പനികൾ സെക്യൂരിറ്റി അപ്പ്ഡേറ്റുകൾ കൊണ്ടുവരാറുണ്ട്. ഇത് പല അപകടങ്ങളിൽ നിന്നും ഫോണിനും നമുക്കും സംരക്ഷണം നൽകും. വോയിസ് അസിസ്റ്റന്റുമാരായ ഗൂഗിൾ അസിസ്റ്റന്റ്, സിരി, അലക്സ എന്നിവ ഉപയോഗിക്കുന്നില്ലെങ്കിൽ അവ ഓഫ് ചെയ്ത് വയ്ക്കുക. വോയിസ് അസിസ്റ്റന്റ് ഓഫാകുന്നില്ലെങ്കിൽ അത് സെറ്റിങ്സിലെ വോയിസ് അസിസ്റ്റന്റിൽ പോയി ഓഫാക്കുക.
സൗജന്യമായ പബ്ലിക്ക് വൈ ഫൈകൾ സുരക്ഷിതമല്ല. ഇവ ഉപയോഗിക്കാതെ ഇരിക്കുകയാണ് ഉത്തമം. ഇത് ഡാറ്റ തെഫ്റ്റിനും ഹാക്കിങിനും ഇടയാക്കും. ഇനി പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ചേ തീരുവെങ്കിൽ വിപിഎൻ ഓണാക്കാൻ മറക്കരുത്. ഗൂഗിൾ പ്ലേ സ്റ്റോർ ആല്ലെങ്കിൽ ആപ്പിൾ സ്റ്റോറിലെ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക. ആഴ്ചയിലൊരിക്കൽ സ്മാർട്ട്ഫോൺ റീ സ്റ്റാർട്ട് ചെയ്യാൻ മറക്കണ്ട, സ്പൈവെയർ അല്ലെങ്കിൽ മാൽവെയർ പ്രവർത്തനം അവസാനിപ്പിക്കുക മാത്രമല്ല, ആപ്പുകളുടെ ബാക്ക്ഗ്രൗഡ് പ്രോസസിങും ഇതോടെ അവസാനിപ്പിക്കും.Content Highlights: Smartphones listening to our personal talks, know how to protect privacy