നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം തന്നെ ഹാക്കിങ് സംഭവിച്ചേക്കാം. അതിനാൽ ഡിവൈസുകളിൽ കർശന സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഫോണുകളിൽ ആണ് ഏറ്റവും കൂടുതൽ ഹാക്കിങ് നടക്കാറുള്ളത്. അവയെ പ്രതിരോധിക്കാൻ വളരെ ചെറിയ, എളുപ്പത്തിലുള്ള ഈ നാല് മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് വ്യാജ ലിങ്കുകൾ വഴിയാണ്. മെസ്സേജ് ആയോ വാട്സ്ആപ്പ് വഴിയോ പല ലിങ്കുകളും നമുക്ക് ഫോണിൽ ലഭിച്ചേക്കാം. അവയിലൊന്നും അബദ്ധത്തിൽ പോലും തൊടരുത്. പലർക്കും വിവരങ്ങൾ ചോരുന്നതും പണം നഷ്ടപ്പെടുന്നതും വ്യാജ ലിങ്കുകൾ വഴിയാണ്. ഹാക്കർമാർ ഈ ലിങ്കുകൾ വഴി നമ്മുടെ ഫോണിലേക്കുള്ള ആക്സസ് നേടിയെടുക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തേക്കാം. അതിനാൽ ജാഗരൂകരായിരിക്കുക.
ഫോണും അതിലെ അപ്പ്ളിക്കേഷനുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുക എന്നത് പ്രധാനമാണ്. വളരെ പ്രധാനപ്പെട്ട സെക്യൂരിറ്റി ഫിക്സുകൾ ഉണ്ടായിരിക്കാം എന്നതിനാലാണിത്. അവയെ അവഗണിച്ചാൽ ഹാക്കർമാർക്ക് വാതിൽ തുറന്നുനൽകുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക. ഒന്നുകിൽ ഓട്ടോ അപ്ഡേറ്റ് ഓപ്ഷൻ ഓൺ ആക്കുക, അല്ലെങ്കിൽ കൃത്യമായി അപ്ഡേറ്റുകൾ പരിശോധിക്കുക.
ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടികയറി അതിൽ കണക്ട് ചെയ്യുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ അങ്ങനെ ചെയ്യരുത്. പബ്ലിക്ക് വൈഫൈ, വിപിഎൻ ഫ്രീ വൈഫൈകൾ എന്നിവ അത്ര സുരക്ഷിതമല്ല. ഹാക്കർമാർക്ക് ഇത്തരം രീതിയിലൂടെ ഡാറ്റകൾ ചോർത്താനാകും. അതിനാൽ വിപിഎൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
പല ആപ്പുകളും ഇൻസ്റ്റാൾ ചെയ്താൽ പെർമിഷൻ ചോദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലേ. അത്തരം പെർമിഷനുകൾ നൽകുമ്പോൾ ഇനി ഒന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പല അപ്പ്ളിക്കേഷനുകളും നമ്മുടെ കോണ്ടാക്ടുകൾ, ലൊക്കേഷൻ, ക്യാമറ എന്നിവയ്ക്കെല്ലാമാണ് ആക്സസ് ചോദിക്കുക. അതിനാൽ പെർമിഷൻ ആവശ്യപ്പെട്ടുളള മെസ്സേജുകൾ കൃത്യമായി വായിക്കണം. ആപ്പ് ഉപയോഗിക്കാനുളള വ്യഗ്രതയിൽ ഉടനെത്തന്നെ ആക്സസ് നൽകരുത്. നമ്മുടെ വിവരങ്ങളുടെ സുരക്ഷ നമ്മുടെ കൈവെള്ളയിൽ തന്നെയുണ്ട് എന്ന് മറക്കരുത്.
Content Highlights: How to prevent hacking at phones