ഫെരാരി മുതല്‍ ലംബോര്‍ഗിനി വരെ,ഇത് ദുബായിലെ കാര്‍ ശ്മശാനം; ആഡംബര വാഹനങ്ങള്‍ ഉപേക്ഷിച്ചതിന് പിന്നില്‍ കടക്കെണി?

ആയിരക്കണക്കിന് ആഡംബര കാറുകളാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുളളത്

മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് മണലാരണ്യങ്ങളില്‍ പൊടിപിടിച്ച നിലയില്‍ ഫെരാരിയോ ലംബോര്‍ഗിനിയോ ഒക്കെ നിരനിരയായ് കിടക്കുന്നത് കണ്ടാല്‍ എന്തായിരിക്കും മനസില്‍ തോന്നുക. പ്രത്യേകിച്ചും നിങ്ങളൊരു വാഹന പ്രേമിയാണെങ്കില്‍ അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. എല്ലാവര്‍ഷവും ദുബായിലെ വിമാനത്താവള പാര്‍ക്കിംഗ് സ്ഥലത്തോ ആഡംബര തെരുവുകളിലോ ഉപേക്ഷിക്കപ്പെട്ട ആഡംബര കാറുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമായ കാഴ്ചയാണ്. ആഡംബര കാറുകള്‍ ആളുകള്‍ കളിപ്പാട്ടം പോലെ വലിച്ചെറിയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നറിയാമോ?

അറിയാം ദുബായിലെ ആഡംബര കാര്‍ ശ്മശാനത്തെക്കുറിച്ച്

ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎയിലുടനീളം ഓരോ വര്‍ഷവും 2,000 മുതല്‍ 3,000 വരെ കാറുകള്‍ ഉപേക്ഷിക്കപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. അവയില്‍ ചിലത് ലിമിറ്റഡ് എഡിഷന്‍ ഫെരാരികള്‍, ലംബോര്‍ഗിനികള്‍, പോര്‍ഷെകള്‍, ചിലപ്പോള്‍ ഹോണ്ട NSX പോലും പൊടിയില്‍ പുതഞ്ഞ് വെയില്‍ കൊണ്ട് നശിച്ചുപോകുന്നവയുടെ കൂട്ടത്തിലുണ്ട്.

എന്തുകൊണ്ടാണ് ആഡംബര വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്

അതിസമ്പന്നരായ ആളുകള്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിയുന്നതുപോലെ ഉപേക്ഷിച്ച് പോകുന്നതാണ് ഈ കാറുകളെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. യുഎഇയിലെ കര്‍ശനമായ സാമ്പത്തിക നിയമങ്ങളാണ് ഈ കാറുകള്‍ ഉപേക്ഷിക്കപ്പെടാന്‍ കാരണം. ശരിയത്ത് നിയമപ്രകാരമാണ് ദുബായ് പ്രവര്‍ത്തിക്കുന്നത്. കടം ഇവിടെ ഒരു ക്രിമിനല്‍ കുറ്റമാണ്.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്താണ് പ്രശ്‌നം ആദ്യമായി രൂക്ഷമാകുന്നത്. പല വിദേശ പ്രൊഫഷണലുകളും ആഡംബര ജീവിതശൈലി നയിക്കാന്‍ വായ്പ എടുക്കുകയും പിന്നീട് പിരിച്ചുവിടലുകള്‍ നേരിടുകയും ബിസിനസുകള്‍ തകരുകയും ചെയ്തപ്പോള്‍ പലര്‍ക്കും കടം വീട്ടാന്‍ കഴിഞ്ഞില്ല. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതായപ്പോള്‍ പലരും ആഡംബര വാഹനങ്ങള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് രാജ്യം വിട്ടുപോകാന്‍ തീരുമാനിച്ചു. പ്രവാസികളും തദ്ദേശീയരും ഉള്‍പ്പടെ വാഹനങ്ങള്‍ ഉപേക്ഷിച്ചവരിലുണ്ട്.

ഈ വാഹനങ്ങള്‍ക്ക് എന്ത് സംഭവിക്കും

2015 ലെ 23 ാം നമ്പര്‍ നിയമം അനുസരിച്ച് ഒരു വാഹനം കണ്ടുകെട്ടിയാല്‍ മൂന്ന് മാസത്തിന് ശേഷം അത് നിയമപരമായി പൊതുലേലത്തില്‍ വയ്ക്കാം. അതിന് മുന്‍പ് dlp.dubai.gov.ae പ്രകാരം ഉടമയെ അറിയിക്കുന്നതിനായി അറബിക് അല്ലെങ്കില്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ 30 ദിവസത്തെ പൊതു അറിയിപ്പ് ഇതേ സംബന്ധിച്ച് കൊടുക്കേണ്ടതാണ്. ഒരു ലേലത്തില്‍ 210 വാഹനങ്ങള്‍ വിറ്റതിലൂടെ 2.1 മില്യണ്‍ ദിര്‍ഹത്തിലധികം രൂപ ദുബായ് പൊലീസ് സമാഹരിച്ചിട്ടുണ്ട്. ഈ കാറുകളൊന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ല. ഇവയില്‍ ഭൂരിഭാഗവും ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങിയതിനാല്‍ നിയമപരമായി അവ ബാങ്കുകളുടെ ഉടമസ്ഥതയിലുള്ളതുമാണ്.

Content Highlights :Learn about Dubai's luxury car graveyard

To advertise here,contact us