ഒരു സ്മാര്ട്ട് ഫോണ് വാങ്ങുമ്പോള് സാധാരണയായി ആളുകള് എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. കാമറയുടെ നിലവാരം, ബാറ്ററി ലൈഫ് തുടങ്ങിയ കാര്യങ്ങളൊക്കെ ആയിരിക്കും അല്ലേ. എന്നാല് ചില ആളുകള്ക്ക് മൊബൈല് ഫോണ് വാങ്ങുന്നത് ആഡംബരം, സ്റ്റാറ്റസ്, വാങ്ങുന്ന ഫോണ് എക്സ്ക്ലൂസിവാണോ എന്നൊക്കെയുള്ള കാര്യങ്ങള് നോക്കിയാണ്. പല ശതകോടീശ്വരന്മാര്ക്കും ഉന്നത പദവിയിലിരിക്കുന്നവര്ക്കും വേണ്ടി രൂപകല്പ്പന ചെയ്തിരിക്കുന്ന സ്വര്ണം, വജ്രം തുടങ്ങിയവകൊണ്ട് നിര്മ്മിച്ചിരിക്കുന്ന ആഡംബര ഫോണുകളുടെ ഒരു ശ്രേണിതന്നെയുണ്ട്.
ഫാല്ക്കണ് സൂപ്പര്നോവ ഐഫോണ് 6 പിങ്ക് ഡയമണ്ട്
48.5 മില്യണ് ഡോളര് വിലയുളള ഈ ഐഫോണ് ഇതുവരെ നിര്മ്മിച്ചതില്വച്ച് ഏറ്റവും വിലയേറിയതാണ്. ഫാല്ക്കണ് സൂപ്പര്നോവ ഐഫോണ് 6 പിങ്ക് ഡയമണ്ട് 24 കാരറ്റ് സ്വര്ണത്തില് പൊതിഞ്ഞാണ് നിര്മ്മിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പിന്വശത്ത് ഒരു വലിയ പിങ്ക് നിറത്തിലുളള വജ്രം പതിപ്പിച്ചിട്ടുണ്ട്. റോസ് ഗോള്ഡ് അല്ലെങ്കില് പ്ലാറ്റിനം ഫിനിഷുകള് കൂടുതല് മനോഹരമാണത്രേ. ഫോണിനെ പോറലുകളില്നിന്ന് സംരക്ഷിക്കാന് സഹായിക്കുന്ന ഒരു പ്രത്യേക കോട്ടിംഗും ഇവയിലുണ്ട്.
ഐഫോണ് 5 ബ്ലാക്ക് ഡയമണ്ട്
ആഡംബര ഡിസൈനറായ സ്റ്റുവര്ട്ട് ഹ്യൂസ് സൃഷ്ടിച്ചതാണ് ഐഫോണ് 5 ബ്ലാക്ക് ഡയമണ്ട്. 15 മില്യണ് ഡോളറാണ് ഇതിന്റെ വില. എന്തുകൊണ്ടാണ് ഇത്രയധികം വിലയെന്നല്ലേ? ഒരു സോളിഡ് ഗോള്ഡ് ബോഡി , 600ലധികം വെളുത്ത വജ്രങ്ങള്, ഹോം ബട്ടണിലുള്ള അപൂര്വ്വയിനം കറുത്ത വജ്രം ഇവയൊക്കെയാണ് ഈ ഫോണിനെ വിലകൂടിയതാക്കുന്നത്. അതിരുകടന്ന ആഡംബരം ആഗ്രഹിക്കുന്നവര്ക്ക് ഈ ഫോണ് നല്ലൊരു ഓപ്ഷനാണ്.
സ്റ്റുവര്ട്ട് ഹ്യൂസ് ഐഫോണ് 4S ഐലൈറ്റ് ഗോള്ഡ്
9.4 മില്യണ് ഡോളര് വിലമതിക്കുന്ന ഒരു മാസ്റ്റര് പീസ് ഫോണാണ് സ്റ്റുവര്ട്ട് ഹ്യൂസ് ഐഫോണ് 4ട ഐലൈറ്റ് ഗോള്ഡ് . 24 കാരറ്റ് സ്വര്ണം കൊണ്ടാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. 500 വിലകൂടിയ വജ്രങ്ങളാണ് ഫോണില് പതിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ലോഗോയില്പോലും 53 വജ്രങ്ങള് പതിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഒരു പെട്ടിയിലാണ് ഇവ വരുന്നത് എന്നാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്റ്റുവര്ട്ട് ഹ്യൂസ് ഐഫോണ് 4 ഡയമണ്ട് റോസ്
മൃദുവായ റോസ് ഗോള്ഡ് ബോഡിയും അരികുകളില് 500 വജ്രങ്ങള് പതിപ്പിച്ചതുമായ ഈ ഫോണിന് 8 മില്യണ് ഡോളറാണ് വില. വജ്രം പതിപ്പിച്ച ആപ്പിള് ലോഗോയും ഹോംബട്ടണായി ഒരു അപൂര്വ്വ പിങ്ക് വജ്രവും ഇതിലുണ്ട്.
ഗോള്ഡ് സ്ട്രൈക്കര് ഐഫോണ് 3GS സുപ്രീം
ക്ലാസിക് ഐഫോണ് അള്ട്രാ-ഹൈ-എന്ഡ് മെറ്റീരിയലുമായി സംയോജിപ്പിച്ച ഗോള്ഡ് സ്ട്രൈക്കര് ഐഫോണ് 3GS സുപ്രീമിന്റെ വില 3.2 മില്യണ് ഡോളറാണ്. 22 കാരറ്റ് സ്വര്ണ കേസ്, ഫ്രയിമില് 136 വജ്രങ്ങള്, ഹോംബട്ടണില് 7.1 കാരറ്റ് വജ്രം എന്നിവ ഇതില് ഉള്പ്പെടുന്നു. അകത്ത് തുകല് കൊണ്ട് നിര്മ്മിച്ച ഗ്രാനൈറ്റ് ബോക്സിലാണ് ഇത് പായ്ക്ക് ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്ക്കിടയില് ഫോണ് പോലും കാലഹരണപ്പെട്ടു പോയെങ്കിലും ആഡംബര ജീവിതശൈലിയില് ഫോണിന്റെ വില വലുത് തന്നെയാണെന്നാണ് ഈ ഉദാഹരണങ്ങള് സൂചിപ്പിക്കുന്നത്.
Content Highlights :Know about the most expensive phones in the world