അബിദുര്‍ ചൗധ്രി; ഐഫോണ്‍ 17 എയര്‍ എന്ന ആ ലൈറ്റ് വെയ്റ്റ് മോഡലിന് പിന്നിലെ തല ബംഗ്ലാദേശിയുടേതോ?

ഈ സ്മാര്‍ട്ട്ഫോണിന്റെ കനം 5.6 മില്ലിമീറ്റര്‍ മാത്രമാണ്

ആപ്പിള്‍ ഒടുവില്‍ അവരുടെ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ എയര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഈ സ്മാര്‍ട്ട്ഫോണിന്റെ കനം 5.6 മില്ലിമീറ്റര്‍ മാത്രമാണ്. കാലിഫോര്‍ണിയയില്‍ നടന്ന 'Awe Dropping' എന്ന് പേരിട്ടിരിക്കുന്ന ലോഞ്ചിംഗ് പരിപാടിയിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഫോണിന്റെ ലോഞ്ചിന് ശേഷം ഐഫോണ്‍ എയറിന്റെ ഡിസൈനര്‍ അബ്ദുള്‍ ചൗധ്രിയെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്.

ആരാണ് അബിദുര്‍ ചൗധ്രി?

ബംഗ്ലാദേശില്‍ വേരുകളുള്ള ചൗധ്രി ജനിച്ച് വളര്‍ന്നത് ഇംഗ്ലണ്ടിലെ ലണ്ടനിലാണ്. ചൗധ്രി ലൗബറോ സര്‍വകലാശാലയില്‍ നിന്ന് പ്രൊഡക്ഷന്‍ ഡിസൈനിലും സാങ്കേതികവിദ്യയിലും ബാച്ചിലേഴ്‌സ് ബിരുദം നേടി. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആളാണ് അബിദുര്‍ ചൗധ്രി. വിദ്യാര്‍ത്ഥി ആയിരുന്ന കാലയളവില്‍ പ്രൊഡക്ട് ഡിസൈനിനുള്ള 3D ഹബ്‌സ് സ്റ്റുഡന്റ് ഗ്രാന്റ്, ജെയിംസ് ഡൈസണ്‍ ഫൗണ്ടേഷന്‍ ബര്‍സറി, ന്യൂ ഡിസൈനേഴ്സ് കെന്‍വുഡ് അപ്ലയന്‍സസ് അവാര്‍ഡ്, സെയ്മൂര്‍ പവല്‍ ഡിസൈന്‍ വീക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം എന്നിവയുള്‍പ്പെടെ നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 'പ്ലഗ് ആന്‍ഡ് പ്ലേ' ഡിസൈനിന് 2016 ല്‍ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡും ചൗധരി സ്വന്തമാക്കിയിട്ടുണ്ട്.

യുകെയിലെ കേംബ്രിഡ്ജ് കണ്‍സള്‍ട്ടന്റ്‌സിലും കുര്‍വെന്റയിലും ചൗധ്രി ഇന്റേണായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ലണ്ടനിലെ ലെയര്‍ ഡിസൈനില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോലി ചെയ്തു. 2018 മുതല്‍ 2019 വരെ അദ്ദേഹം സ്വന്തം കണ്‍സള്‍ട്ടന്‍സിയായ അബിദുര്‍ ചൗധ്രി ഡിസൈന്‍ നടത്തി. ഡിസൈന്‍ ഏജന്‍സികള്‍, നൂതന കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിച്ച് പ്രൊഡക്റ്റ് ഡിസൈന്‍ നടത്തി.

2019 ജനുവരിയിലാണ് കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ ആപ്പിളില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോയിന്‍ ചെയ്യുന്നത്. ആപ്പിളിന്റെ ഐഫോണ്‍ എയര്‍ ഉള്‍പ്പെടെ കമ്പനിയുടെ ഏറ്റവും നൂതനമായ ചില പ്രൊഡക്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി.

ഐഫോണ്‍ 17 എയറും ഐഫോണ്‍ 17 സീരീസും

ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് ഐഫോണ്‍ എയര്‍. അവിശ്വസനീയമായും വിധം ലൈറ്റാണെന്ന് മാത്രമല്ല സ്റ്റണിങ്ങ് ഡിസ്‌പ്ലേയും ബാറ്ററി ലൈഫും ഈ മോഡല്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇ-സിം ഓണ്‍ലി രൂപകല്പന ഉള്‍പ്പെടെ ഒട്ടേറെ റെക്കോഡുകളോടെയാണ് ഐഫോണ്‍ 17 എയര്‍ ലോഞ്ച് ചെയ്തിട്ടുള്ളത്.

ഐഫോണ്‍ 17 എയറിനൊപ്പം, അപ്ഗ്രേഡ് ചെയ്ത ക്യാമറകള്‍, പുതിയ ആപ്പിള്‍ എ 19 പ്രോ ചിപ്പ്, വലിയ ഡിസ്പ്ലേകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയും ആപ്പിള്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ കളര്‍ വേരിയന്റുകളുിലും കാണാന്‍ കഴിയും.

Content Highlights: Meet Abidur Chowdhury of Apple Designer

To advertise here,contact us