ഹാക്കര്‍മാരില്‍ നിന്ന് ഫോണ്‍ സംരക്ഷിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കൂ

ഫോണുകള്‍ എങ്ങനെ സുരക്ഷിതമാക്കാം..ഇക്കാര്യങ്ങളൊക്കെ ഒന്ന് ചെയ്തുനോക്കൂ

ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതും തട്ടിപ്പുകള്‍ നടത്തുന്നതും ഒക്കെ ഇന്ന് പതിവായ കാര്യമാണ്. എന്നാല്‍ സ്വയം ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകളില്‍നിന്ന് രക്ഷനേടാന്‍ സാധിക്കും. അതിനുളള സുരക്ഷാമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫോണും അതിലെ ആപ്പുകളും പതിവായി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. ആപ്പ് അപ്‌ഡേറ്റുകളില്‍ പലപ്പോളും പ്രധാനപ്പെട്ട സുരക്ഷാ പരിഹാരങ്ങളുണ്ട്. ഫോണില്‍ ഓട്ടോ അപ്‌ഡേറ്റുകള്‍ ഓണാക്കി ഇടുക. അല്ലെങ്കില്‍ കുറച്ച് ദിവസങ്ങളിലൊരിക്കല്‍ സ്വയം ഇവ അപ്‌ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നത് ഒരു ശീലമാക്കുക.

രണ്ടാമത്തെ കാര്യം ഇതാണ്. കഫേകള്‍ വിമാനത്താവളങ്ങള്‍ ഇവിടങ്ങളിലൊക്കെ സൗജന്യമായ WI-Fi കിട്ടാറുണ്ടല്ലേ. എന്നാല്‍ അതൊന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ചേക്കാം. VPN ഇല്ലാതെ പൊതു WI-Fi ഉപയോഗിക്കുന്നത് ഒഴിവാക്കുക. പൊതു WI-Fi ഉപയോഗിക്കുന്നുണ്ടെങ്കില്‍ കണക്ഷന്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ വിശ്വസനീയമായ VPN ഉപയോഗിക്കേണ്ടതുണ്ട്.

മൂന്നാമതായുള്ളത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്ടുകളിലേക്കോ ലൊക്കേഷനുകളിലേക്കോ അനാവശ്യമായി ആക്‌സസ് ആവശ്യപ്പെടാറില്ലേ. അങ്ങനെ വരുമ്പോള്‍ അത് നിരസിക്കുകയോ ആ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുകയാണെങ്കില്‍ കുറേയൊക്കെ സുരക്ഷിതമായിരിക്കാന്‍ കഴിയും.

ഫോണിലേക്ക് വരുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇത്തരത്തിലുളള ലിങ്കുകള്‍ ലഭിക്കുകയാണെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകളിലൂടെ ഹാക്കാര്‍മാര്‍ നിങ്ങളുടെ ഫോണില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ഫോണിലേക്ക് വരുന്ന ലിങ്കുകളിലും മെസേജുകളിലും സംശയമുണ്ടെങ്കില്‍ ആ സന്ദേശം ഒഴിവാക്കുന്നതാണ് നല്ലത്.ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുകയാണെങ്കില്‍ കുറേയൊക്കെ സുരക്ഷിതമായിരിക്കാന്‍ കഴിയും.

Content Highlights :Try these things to secure your phones

To advertise here,contact us