ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ ഫീച്ചറിന് കരുത്ത് പകരുന്നത്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ ഫീച്ചറിന് കരുത്ത് പകരുന്നത്. പ്രൊഫഷണല്‍, ഫണ്ണി അല്ലെങ്കില്‍ സപ്പോര്‍ട്ടീവ് എന്നിങ്ങനെ വിവിധ ടോണുകളില്‍ സന്ദേശങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഈ അപ്‌ഡേഷനില്‍ ലഭിക്കുന്നത്.

ഒരു വണ്‍-ഓണ്‍-വണ്‍ അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു സന്ദേശം ഡ്രാഫ്റ്റ് ചെയ്യാം. അപ്പോള്‍ ഒരു പെന്‍സില്‍ ഐക്കണ്‍ കാണാനാകും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സന്ദേശം കോപ്പി ചെയ്യാന്‍ ഒരു പോപ്പ് അപ്പ് തുറക്കും. നിങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാം, അത് ടെക്സ്റ്റ് ഫീല്‍ഡില്‍ നിങ്ങളുടെ മെസേജിനെ പുനഃക്രമീകരിക്കും. ഇവിടെ നിന്ന് നിങ്ങള്‍ക്ക് അത് നേരിട്ട് അയയ്ക്കാം.

ഉപയോക്താവിന്‍റെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുന്നതിനായി പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയിലാണ് റൈറ്റിംഗ് ഹെല്‍പ്പ് ഫീച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിനോ മെറ്റയ്ക്കോ യഥാര്‍ത്ഥ സന്ദേശമോ AI സൃഷ്ടിച്ച നിര്‍ദ്ദേശങ്ങളോ പോലും വായിക്കാന്‍ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

തുടക്കത്തില്‍ ഈ ഫീച്ചര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും തിരഞ്ഞെടുത്ത രാജ്യങ്ങളിലും ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങുമെന്ന് മെറ്റ സ്ഥിരീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ഭാഷകളിലേക്ക് ഈ സവിശേഷത കൊണ്ടുവരാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: WhatsApp launches AI-powered Writing Help feature to perfect message tone

To advertise here,contact us