ബിഎസ്എൻഎല്ലിനെ കൈവിടാതെ മലയാളികൾ; ഒരു രൂപയുടെ കിടിലൻ പ്ലാൻ വൻ ഹിറ്റ്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒന്നാം തീയതി മുതൽക്കാണ് പദ്ധതി ആരംഭിച്ചത്

മോശം സർവീസ്, നഷ്ടക്കണക്കുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ തുടങ്ങിയ വിവാദങ്ങളെയെല്ലാം കാറ്റിൽപറത്തി ബിഎസ്എൻഎല്ലിലേക്ക് മലയാളി ഉപയോക്താക്കളുടെ ഒഴുക്ക്. പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രഖ്യാപിച്ച ഫ്രീഡം പ്രീപെയ്ഡ് പ്ലാനിന്റെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 82,839 കണക്ഷനുകൾ ബിഎസ്എൻഎല്ലിന് ലഭിച്ചു. പുതിയ കണക്ഷനുകൾ, മറ്റ് സർവീസ് പ്രൊവൈഡർമാരിൽ നിന്ന് പോർട്ട് ചെയ്തവർ എല്ലാമടങ്ങിയ കണക്കാണിത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒന്നാം തീയതി മുതൽക്കാണ് പദ്ധതി ആരംഭിച്ചത്. ഒരു രൂപ മാത്രമാണ് പ്ലാനിന്റെ വില. മുപ്പത് ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജി ബി ഡേറ്റയും 100 എസ്എംഎസുമാണ് ലഭിക്കുക. അതായത് മറ്റ് സർവീസ് പ്രൊവൈഡർമാർ 300 രൂപയ്ക്ക് മുകളിൽ നിരക്ക് ഈടാക്കുന്ന പ്ലാൻ വെറും ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നു !

ഈ മാസം 31വരെയാണ് പ്ലാൻ എടുക്കാനുള്ള അവസാന തിയതി. 82,839 എന്ന കണക്ക് ഓഗസ്റ്റ് 20 വരെ മാത്രമുള്ളതാണ്. ഈ മാസം അവസാനിക്കുമ്പോഴേക്കും അവ ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ പ്ലാനിന്റെ ഭാഗമായത്. 13,719 പേർ. തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി സാങ്കേതികവിദ്യകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് ഈ പ്ലാൻ. ബിഎസ്എൻഎൽ ഓഫിസുകൾ, കസ്റ്റമർ കെയർ സെന്ററുകൾ, റീട്ടെയ്ൽ ഔട്ലെറ്റുകൾ എന്നിവിടങ്ങളിൽ ഈ ഫ്രീഡം പ്ലാൻ സിമ്മുകൾ ലഭിക്കും.

അതേസമയം, നെറ്റ്‌വർക്ക് കവറേജ്‌ മികച്ചതാക്കുന്നതിന്റെയും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ടവറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും, മേളകളും ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്. 47000 കോടി രൂപ ചെലവഴിച്ച്, നിലവിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കൊപ്പം തന്നെ കളംപിടിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും, 5ജിക്കായി തയ്യാറെടുക്കാനുമാകും ഈ തുക ബിഎസ്എൻഎൽ ചിലവഴിക്കുക. രാജ്യമെമ്പാടും ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്നതാകും പ്രാഥമിക ലക്ഷ്യം. ഒപ്പം ഒരു രൂപയുടെ ലോ കോസ്റ്റ് ഫ്രീഡം ഓഫറും കമ്പനി നൽകാനൊരുങ്ങുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായാണ് ഈ അപ്ഗ്രഡേഷൻ നടപടി. പൂർണമായും പ്രാദേശിക ടെക്‌നോളജി ഉപയോഗിച്ചാകും അപ്ഗ്രഡേഷൻ. ഗ്രാമമേഖലകൾക്കാകും മുൻഗണന.

Content Highlights: bsnl freedom plan a huge hit at kerala

To advertise here,contact us