ഇന്ത്യയിലുടനീളം ഡിജിറ്റല് തട്ടിപ്പിന്റെ ഒരു തരംഗം പടരുകയാണ്. അത്തരത്തിലുളള ഒരു തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് വണ് കാര്ഡ് അടുത്തിടെ ഉപഭോക്താക്കളുമായി പങ്കുവച്ചത്. പലര്ക്കും ഇതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടുതന്നെ ആളുകള് തട്ടിപ്പില് കുടുങ്ങിയതായി റിപ്പോര്ട്ടുകള് പറയുന്നു. ഇത്തരത്തില് തട്ടിപ്പിന് ഇരയാകുന്നവര്ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെടുകയോ ഐഡന്റിറ്റി മോഷ്ടിക്കപ്പെടുകയോ ചെയ്യാം.
എന്താണ് വാട്സ്ആപ്പ് സ്ക്രീന് മിറ്റിംഗ് തട്ടിപ്പ്
ഈ തട്ടിപ്പില് തട്ടിപ്പുകാര് ഒരു വ്യക്തിയെ കബളിപ്പിച്ച് വാട്സ് ആപ്പ് വഴി സ്ക്രീന് ഷെയറിംഗ് സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഇതുവഴി തട്ടിപ്പുനടത്തുന്ന ആളുകള്ക്ക് ഒടിപികള്, ബാങ്കിന്റെ വിശദാംശങ്ങള്, പാസ്വേഡുകള്, വ്യക്തിഗത സന്ദേശങ്ങള് തുടങ്ങിയ വ്യക്തിയുടെ സെന്സിറ്റീവ് വിവരങ്ങളിലേക്ക് ആക്സസ് ലഭിക്കും. അങ്ങനെ അക്കൗണ്ടില് നിന്ന് പണം നഷ്ടമാകാന്വരെ കാരണമാകുന്ന വലിയ തട്ടിപ്പാണിത്.
എത്തരത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്
ബാങ്ക് അല്ലെങ്കില് ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തുന്ന ആളായിരിക്കും തട്ടിപ്പുകാരന്. അവര് നിങ്ങളെ ഫോണ് ചെയ്യുകയും നിങ്ങളുടെ അക്കൗണ്ടില് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും സ്ക്രീന് പങ്കിടാന് ആവശ്യപ്പെടുകയും ചെയ്യും. പിന്നീട് സ്ക്രീന് ഷെയറിംഗ് ആപ്പുകളെക്കുറിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് നിങ്ങളെക്കൊണ്ട് ആപ്പ് ഡൗണ്ലോഡ് ചെയ്യിപ്പിക്കും. തുടര്ന്ന് സ്ക്രീന് ശരിയായി കാണാന് കഴിയുന്നില്ലെന്നും അതുകൊണ്ട് വാട്സാപ്പിലൂടെ ഒരു വീഡിയോ കോള് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. മുന്പ് തന്നെ സ്ക്രീന് ഷെയറിംഗ് ആപ്പ് ഡൗണ്ലോഡ് ചെയ്തിരിക്കുന്നതുകൊണ്ട് തട്ടിപ്പുകാര്ക്ക് നിങ്ങളുടെ സ്ക്രീന് തത്സമയം കാണാന് കഴിയും. നിങ്ങളുടെ ഫോണിലേക്ക് എന്ത് ഒറ്റിപി വന്നാലും നിങ്ങള് എന്ത് പാസ്വേഡ് ഉപയോഗിച്ചാലും ഒക്കെ അവര്ക്കത് കാണാന് കഴിയും. ഒറ്റത്തവണ പാസ് വേഡുകള്, ബാങ്കിംഗ് ആപ്പ് ആക്ടിവിറ്റി, യുപിഐ പിന്നുകള്, സ്വകാര്യ സന്ദേശങ്ങള്, തിരിച്ചറിയല് രേഖകള് എന്നിങ്ങനെ നിങ്ങളുടെ ഫോണിന്റെ സ്ക്രീനില് എത്തുന്ന എല്ലാ വിവരങ്ങളും തട്ടിപ്പുകാര്ക്ക് ഉടനടി ലഭിക്കും.
ഇത്തരം തട്ടിപ്പില് നിന്ന് എങ്ങനെ രക്ഷപ്പെടാന് സാധിക്കും
1 ബാങ്കുകളില് നിന്നോ ധനകാര്യ സ്ഥാപനങ്ങളില്നിന്നോ ആണെന്ന് പറഞ്ഞ് നിങ്ങളെ സമീപിക്കുന്നവരുടെ ആധികാരികത പരിശോധിക്കുക
2 അത്യാവശ്യ സന്ദര്ഭങ്ങളില് മാത്രം സ്ക്രീന് പങ്കിടല് പ്രാപ്തമാക്കുക
3 വിശ്വസനീയമല്ലാത്ത ആപ്പുകള് ഫോണില് ഇന്സ്റ്റാള് ചെയ്യാതിരിക്കാന് ശ്രദ്ധിക്കുക
4 സംശയാസ്പദമായ നമ്പറുകള് ബ്ലോക്ക് ചെയ്യുകയോ cybercrime.gov.in എന്ന വിലാസത്തില് റിപ്പോര്ട്ട് ചെയ്യുകയോ ചെയ്യുക
5 അജ്ഞാതമായതോ സംശയാസ്പദമായതോ ആയ നമ്പറില് നിന്നുള്ള കോളുകള്ക്ക് മറുപടി നല്കുന്നത് ഒഴിവാക്കുക.
6 വിളിക്കുന്ന ആളുമായി ബന്ധപ്പെടുന്നതിന് മുന്പ് ഔദ്യോഗിക ചാനല് വഴി അയാളുടെ ഐഡന്റിറ്റി പരിശോധിക്കുക
7 ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക
8 തട്ടിപ്പ് നടന്നുവെന്ന തോന്നിയാല് അക്കൗണ്ട് മരവിപ്പിക്കാനോ സുരക്ഷിതമാക്കാനോ ബാങ്കിനെ അറിയിക്കുക.
9 തിടുക്കത്തില് കാര്യങ്ങള് ചെയ്യാന് സമ്മര്ദ്ദം ചെലുത്തുന്ന കോളുകള്ക്ക് ഒരിക്കലും മറുപടി നല്കരുത്.
Content Highlights :What is the dangerous WhatsApp screen mirroring fraud?