ഓപ്പൺഎഐ ബോസ് സാം ആൾട്ട്മാൻ പറഞ്ഞ ഒരു അഭിപ്രായമാണ് ഇപ്പോൾ ടെക് മേഖലയിലെ ബ്രേക്കിങ് വേഡ്സ്. മറ്റൊന്നുമല്ല എഐയെ കുറിച്ചാണ് അദ്ദേഹം വാചാലനായിരിക്കുന്നത്. ഭാവിയിലെ എഐ ആളുകൾക്ക് കൂടുതൽ ജനിക്കാൻ കാരണമാകുമെന്നാണ് ആൾട്ട്മാൻ പറയുന്നത്. ഈ വർഷം ആദ്യമാണ് ആൾട്ട്മാന് കുഞ്ഞ് പിറന്നത്. ഇന്ത്യൻ സംരംഭകനായ നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിലാണ് ആൾട്ട്മാൻ ഇക്കാര്യം പറഞ്ഞത്. ജനനനിരക്ക് കുറയുന്നത് വലിയ പ്രശ്നമാണെന്നും വരും വർഷങ്ങളിൽ കുടുംബങ്ങളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനാകും കൂടുതൽ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവും സമൂഹമൊക്കെയാണ് നമ്മെ കൂടുതൽ സന്തോഷവാന്മാരാക്കുന്നതെന്നും അതിലേക്ക് എല്ലാവരും ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷയെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ഇതിനൊരു പരിഹാരമായി അദ്ദേഹം പറയുന്നത് എഐയാണ്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ), ഇപ്പോഴും സാങ്കൽപ്പിക്കം മാത്രമായ എഐയുടെ ഈ വിഭാഗത്തിന് മനുഷ്യനെ പോലെ ചിന്താശേഷി ഉണ്ടാകും. ഇത്തരം ഒരു കണ്ടുപിടുത്തം നടന്നാൽ അത് സമൂഹത്തിന്റെ ഘടനയെ തന്നെ മാറ്റും. ആ മാറ്റം കുഞ്ഞുങ്ങളെ വളർത്താൻ കൂടുതൽ സഹായിക്കുന്ന തരത്തിലാകുമെന്നാണ് അൾട്ട്മാൻ പറയുന്നത്. എജിഐ വരുന്നതോടെ ആളുകൾ കൂടുതൽ മെച്ചപ്പെട്ട നിലയിലാകും കൂടുതൽ സമയമുണ്ടാകും എല്ലാ മേഖലയിലും അഭിവൃദ്ധി ഉണ്ടാകും. അങ്ങനൊരു ഭാവികാലത്ത് ദൈന്യദിന കാര്യങ്ങളിൽ സമ്മർദ്ദങ്ങൾ കുറവായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണയോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് ആൾട്ട്മാൻ കണക്കുകൂട്ടുന്നത്.
എജിഐ വന്നതിന് ശേഷമുള്ള ലോകത്തിൽ ഏറ്റവും പ്രാധാന്യം ലഭിക്കുക കുടുംബങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറയുന്നു.Content Highlights: Sam Altman said that future AI helps people to have more kids