കളംപിടിക്കാൻ ബിഎസ്എൻഎൽ ചെലവാക്കുന്നത് 47000 കോടി; നിർണായക അപ്ഗ്രഡേഷനൊരുങ്ങി കമ്പനി

പൂർണമായും പ്രാദേശിക ടെക്‌നോളജി ഉപയോഗിച്ചാകും അപ്ഗ്രഡേഷൻ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എൻഎൽ. കാലവും സാങ്കേതികവിദ്യയും ഏറെ മുൻപോട്ടുപോയിട്ടും ഇപ്പോഴും അതൊന്നുമറിയാത്ത കമ്പനിയെന്നാണ് ബിഎസ്എൻഎല്ലിനെ ആളുകൾ വിളിച്ചുപോരുന്നത്. മറ്റ് എല്ലാ നെറ്റ്‌വർക്ക് പ്രൊവൈഡർമാരും 5ജി കാലഘട്ടത്തിലേക്ക് പൂർണമായും മാറിയപ്പോഴും ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും 4ജി പോലും ശരിക്കും ലഭ്യമാക്കാൻ സാധിക്കാതെ ഉഴലുന്നത്. എന്നാൽ അതിനെല്ലാം ഉടൻ ഒരറുതി വന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

47000 കോടി രൂപ ചെലവഴിച്ച്, നിലവിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കൊപ്പം തന്നെ കളംപിടിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും, 5ജിക്കായി തയ്യാറെടുക്കാനുമാകും ഈ തുക ബിഎസ്എൻഎൽ ചിലവഴിക്കുക. രാജ്യമെമ്പാടും ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്നതാകും പ്രാഥമിക ലക്ഷ്യം. ഒപ്പം ഒരു രൂപയുടെ ലോ കോസ്റ്റ് ഫ്രീഡം ഓഫറും കമ്പനി നൽകാനൊരുങ്ങുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായാണ് ഈ അപ്ഗ്രഡേഷൻ നടപടി. പൂർണമായും പ്രാദേശിക ടെക്‌നോളജി ഉപയോഗിച്ചാകും അപ്ഗ്രഡേഷൻ. ഗ്രാമമേഖലകൾക്കാകും മുൻഗണന.

4ജി നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ബിഎസ്എൻഎൽ ഒരു ലിമിറ്റഡ് ഫ്രീഡം ഓഫർ എന്ന പേരിൽ പുതിയ ഓഫറും കൊണ്ടുവന്നിട്ടുണ്ട്. ഒരു രൂപയ്ക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, രണ്ട് ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസുകൾ എന്നിവയാണ് പ്ലാനിൽ ഉൾപ്പെടുക. പുതിയ സിമ്മും ലഭിക്കും. ഓഗസ്റ്റ് 31 വരെ മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ. നിലവിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കുകയുമില്ല. മറ്റ് നെറ്റ്‌വർക്ക് ഉപഭോക്താക്കൾ 349 രൂപയ്ക്കാണ് ഇത്തരം പ്ലാനുകൾ നൽകുന്നത് എന്നതിനാൽ ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: BSNL to spend 47000 crores for an important upgradation

To advertise here,contact us