ജനപ്രിയ ഫോട്ടോഗ്രാഫിക്ക് ബ്രാന്ഡായ ഈസ്റ്റ്മാന് കൊഡാക് പ്രവര്ത്തനം തുടരുന്നതില് ആശങ്ക അറിയിച്ച് രംഗത്തെത്തി. കമ്പനിയുടെ കടബാധ്യത ഏറി വരികയാണെന്നും തുടര്ന്നുള്ള ദിവസങ്ങളിലെ പ്രവര്ത്തനങ്ങളിൽ പ്രതിസന്ധി നേരിടുന്നുവെന്നും കൊഡാക് അറിയിച്ചു. അടുത്തിടെ ഓഹരിയില് 13% താഴ്ച കമ്പനിക്ക് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനായി വിരമിക്കല് പെന്ഷന് പദ്ധതിക്കുള്ള പേയ്മെന്റുകള് നിര്ത്തലാക്കി പണം സ്വരൂപിക്കാനാണ് കൊഡാക് ലക്ഷ്യമിടുന്നത്.
ക്യാമറകള്, മഷികള്, ഫിലിം എന്നിവയുള്പ്പെടെയുള്ള നിരവധി ഉല്പ്പന്നങ്ങള് യുണൈറ്റഡ് സ്റ്റേറ്റ്സില് നിര്മ്മിക്കുന്നതിനാല് താരിഫുകള് അവരുടെ ബിസിനസില് സാരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കില്ലായെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടേം ലോണിന്റെ ഒരു പ്രധാന ഭാഗം കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ തിരിച്ചടയ്ക്കാന് കഴിയുമെന്നും, ശേഷിക്കുന്ന കടവും സ്റ്റോക്ക് ബാധ്യതകളും ഭേദഗതി ചെയ്യുകയോ നീട്ടുകയോ പുനര്ധനസഹായം തേടുകയോ ചെയ്യുന്നതിലൂടെ തിരിച്ചുവരാൻ കഴിയുമെന്നാണ് കൊഡാക്കിന്റെ പ്രതീക്ഷ. 12 മാസത്തിനുള്ളില് കൊഡാക് കടബാധ്യത അടച്ച് തീർക്കേണ്ടതുണ്ടെന്നാണ് തീരുമാനം.
കൊഡാകിൻ്റെ നാൾവഴികൾ
ഫോട്ടോഗ്രാഫി രംഗത്ത് 130 വര്ഷത്തെ പരിചയസമ്പത്തുള്ള ബ്രാന്ഡാണ് കൊഡാക്. 1889 ലാണ് ജോർജ്ജ് ഈസ്റ്റ്മാൻ കമ്പനി സ്ഥാപിച്ചത്.
"നിങ്ങൾ ബട്ടൺ അമർത്തുക, ബാക്കി ഞങ്ങൾ ചെയ്യാം" എന്ന ടാഗ്ലൈനോടെയായിരുന്നു കമ്പനി നിലവിൽ വന്നത്. ഫോട്ടോഗ്രഫി ഒരു പെൻസിൽ ഉപയോഗിക്കുന്നത് പോലെ ലളിതമാക്കണമെന്നായിരുന്നു കൊഡാകിൻ്റെ സ്ഥാപകനായ ഈസ്റ്റ്മാൻ്റെ ആഗ്രഹം. ഇരുപതാം നൂറ്റാണ്ടില് വിപണിയില് ആധിപത്യം സ്ഥാപിച്ച കൊഡാക് ഡിസ്പോസിബിള് ക്യാമറകള് പോലുള്ള ഉല്പ്പന്നങ്ങള്ക്ക് പേരുകേട്ടു. 1975 ലാണ് കൊഡാക് അവരുടെ ആദ്യ ഡിജിറ്റല് ക്യാമറ കണ്ടുപിടിച്ചത്. എന്നാല് ഡിജിറ്റല് ക്യാമറയുടെ ആധിപത്യം തങ്ങളുടെ ഫിലിം ബിസിനസിനെ ബാധിക്കുമെന്ന് ഭയന്ന് കമ്പനി അതിനെ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല. എന്നാല് ഡിജിറ്റല് ഫോട്ടോഗ്രഫി പ്രചാരത്തിലെത്തിയതോടെ കൊഡാകിന്റെ വിപണി മൂല്യവും കുറഞ്ഞു. പിന്നീട് ഡിജിറ്റല് ഫോട്ടോഗ്രാഫിയിലേക്ക് കടക്കാന് കമ്പനി ശ്രമിച്ചെങ്കിലും കാനണ്, സോണി, നിക്കോണ് തുടങ്ങിയ വളര്ന്നു വരുന്ന എതിരാളികള്ക്ക് മുന്നില് പിടിച്ച് നില്ക്കാന് കൊഡാകിന് സാധിച്ചില്ല. തുടർന്ന് കടബാധ്യതയില് മുങ്ങിയ കമ്പനി പാപ്പരത്തത്തിന് 2012 ല് അപേക്ഷ നല്കി. 2013 ഓടെ കമ്പനിക്ക് പുതുജീവന് ലഭിച്ചെങ്കിലും വിപണിയിലെ ആധിപത്യം വീണ്ടെടുക്കാനായില്ല.
Content Highlights-'Indebtedness is increasing, survival is in crisis'; Kodak may close its business