ആപ്പിളിന്റെ മാക്ബുക്ക് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവര് ഏറെയാണ്. പക്ഷേ ഉയര്ന്ന വില കാരണം പലപ്പോഴും ഉപഭോക്താക്കള് മാക്ബുക്ക് വാങ്ങാന് മടിക്കാറുണ്ട്. എന്നാല് ആപ്പിളിതാ ഇപ്പോള് കൂടുതല് താങ്ങാനാവുന്ന വിലയില് മാക്ബുക്ക് അവതരിപ്പിക്കാന് തയ്യാറാവുകയാണ്. ഈ വര്ഷം അവസാനത്തോടെ ഈ മാക്ബുക്കിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
പൊതുവിപണയില് ഇവയുടെ തുടക്ക വില $699 യാണ്. അതായിത് ഇന്ത്യന് റുപ്പിയില് ഏകദേശം 61,292 രൂപ. ഇതേ മാക്ബുക്ക് ആപ്പിളിന്റെ വിദ്യാഭ്യാസ കിഴിവ് പ്രോഗ്രാമിന് കീഴില് $599 ഏകദേശം 52,518 വിലയിലാവും ആരംഭിക്കുക. നിലവിലെ ആപ്പിളിന്റെ എന്ഡ്രി ലെവല് മാക്ബുക്കിനെക്കാള് വളരെ വിലക്കുറവാണ് പുതിയ സീരീസിന്.
പുതിയ മാക്ബുക്കിന്റെ സവിശേഷതകള്
വരാനിരിക്കുന്ന മോഡലില് ഐഫോണ് 16 പ്രോയില് ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ A18 Pro പ്രോസസര് തന്നെയാവും ഉണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. പിങ്ക്, നീല, മഞ്ഞ എന്നിവയുള്പ്പെടെ ഒന്നിലധികം നിറങ്ങളില് ഇത് ലഭ്യമാകുമെന്ന് റിപ്പോര്ട്ടുണ്ട്. 2025 അവസാനത്തോടെ വന്തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും 2026 ന്റെ തുടക്കത്തില് കയറ്റുമതി ആരംഭിക്കുമെന്നുമാണ് പ്രതീക്ഷ.
നേരത്തെ 13 ഇഞ്ച് സ്ക്രീനായിരിക്കും എന്നായിരുന്നു റിപ്പോര്ട്ടുകള് വന്നിരുന്നത്. എന്നാല് ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് പുതിയ മാക്ബുക്കില് 12.9 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് വിവരം. 13.6 ഇഞ്ച് മാക്ബുക്ക് എയറിനേക്കാള് ഇത് അല്പം ചെറുതാകാനാണ് സാധ്യത. ഭാരം, മെമ്മറി, സംഭരണം തുടങ്ങിയ മറ്റ് സവിശേഷതകള് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് മാക്ബുക്ക് എയര് നിരയില് ചേരുമോ അതോ ഒരു മാക്ബുക്ക് എന്ന് മാത്രം ബ്രാന്ഡ് ചെയ്യപ്പെടുമോ എന്നും ആപ്പിള് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 599 ഡോളര് അഥവാ 52,518 രൂപ എന്ന വില ആപ്പിള് മാക്ബുക്ക് ശ്രേണിയെ അപേക്ഷിച്ച് ബജറ്റ് ഫ്രണ്ടലി ലോഞ്ചാണ്. ഇത് ലാപ്ടോപ്പ് വിപണിയില് ആപ്പിളിന് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന് സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്.
Content Highlights- Apple's new MacBook, aimed at Middle class is coming soon