ജോലിയിലും വ്യക്തിഗത ജീവിതത്തിലും നമുക്ക് ഒഴിച്ചുകൂടാന് പറ്റാത്തവയാണ് മൊബൈല് ഫോണും ലാപ്ടോപ്പും. നമ്മുടെ പല വ്യക്തഗത വിവരങ്ങളും ഇവയില് സൂക്ഷിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങള് പെട്ടെന്നൊരു ദിവസം വെള്ളത്തില് വീണ് പണിമുടക്കിയാലോ? ആകെ ബുദ്ധിമുട്ടിലാവും അല്ലേ? എന്നാല് നിങ്ങളുടെ നനഞ്ഞുപോയ മൊബൈല് ഫോണിനും ലാപ്ടോപ്പിനും കേടുപാടുകള് സംഭവിക്കാതിരിക്കാന് ഈ കാര്യങ്ങള് അറിഞ്ഞുവെച്ചോളൂ.
നനഞ്ഞിരിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഒരു കാരണവശാലും ഉടന് തന്നെ ഓണ് ചെയ്യാതിരിക്കുക. ഇത് നിങ്ങളുടെ ഉപകരണത്തിന് വലിയ കേടുപാടുകള് ഉണ്ടാക്കും. അതുകൊണ്ട് തന്നെ ആദ്യം നനഞ്ഞിരിക്കുന്ന ഉപകരണം പവര് ഓഫ് ചെയ്യുക. ഇത് ഉപകരണത്തിനുള്ളിലെ സര്ക്യൂട്ടിനെ തകരാറിലാക്കുന്നതിൽ നിന്നും രക്ഷിക്കും.
മൊബൈലാണ് വെള്ളത്തില് വീണതെങ്കില് സിം കാര്ഡും, മെമ്മറി കാര്ഡും ഊരി മാറ്റുക. ഇനി ലാപ്ടോപ്പാണെങ്കില് ബാറ്ററി ആദ്യം ഊരി മാറ്റുക. ഇത് ഉപകരണം പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടാന് സഹായിക്കും.മൂന്നാമതായി ചെയ്യേണ്ടത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉപകരണത്തിലെ ഈര്പ്പം തുടച്ച് മാറ്റുക. ഇതിനായി ടിഷ്യുവാണ് ഉപയോഗിക്കുന്നതെങ്കില് ഉപകരണത്തിനുള്ളില് ടിഷ്യു തിരുകാതിരിക്കാന് ശ്രദ്ധിക്കുക. സാധ്യമെങ്കില് ഡ്രൈയര് ഉപയോഗിച്ച് ചെറിയ വായുവില് ഉപകരണത്തിന്റെ പോര്ട്ടുകള് ഉണക്കിയെടുക്കുക.
ഇനി സിലിക്ക ജെല് പാക്കറ്റുകള് ലഭ്യമാണെങ്കില് അവ ഉപകരണത്തിനൊപ്പം ഒരു പെട്ടിയിലാക്കി കുറഞ്ഞത് 24 മുതല് 48 മണിക്കൂര് വരെ വയ്ക്കുക. ഇത് ഈര്പ്പം വലിച്ചെടുക്കാന് സഹായിക്കും. മുകളില് പറഞ്ഞവ ചെയ്തു നോക്കിയിട്ടും ഫോണ് ഓണായിലെങ്കില് സ്വയം തുറക്കാന് ശ്രമിക്കാതെ വിദഗ്ത സഹായം തേടുക. ഉപരണം തനിയെ പരിശോധിക്കാന് ശ്രമിക്കുന്നത് വലിയ നാശനഷ്ടങ്ങള്ക്ക് വഴിവെച്ചേക്കാം.
Content Highlights- Did your phone or laptop get wet in the rain? Here's how to recover it without any damage.