വയേര്‍ഡ് ഇയര്‍ഫോണാണോ ഉപയോഗിക്കുന്നത്; എന്നാല്‍ ആളത്ര സേഫല്ല കേട്ടോ...

പലപ്പോഴും വയര്‍ലെസ് ഇയര്‍ഫോണുകളാണ് പ്രശ്‌നക്കാരെന്നാണ് പലരും ചിന്തിച്ച് വെച്ചിരിക്കുന്നത്

ഇയര്‍ഫോണും മൊബൈല്‍ ഫോണുമില്ലാതെ പുറത്തിറങ്ങുന്നത ഇന്ന് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. മറ്റാരെയും ശല്യപ്പെടുത്താതെ പാട്ട് കേള്‍ക്കാനും സിനിമ കാണാനും റീല്‍ കാണാനുമൊക്കെ ഇയര്‍ഫോണ്‍ വേണം. നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ ഇത്രയും വലിയ പങ്കുവഹിക്കുന്ന ഇയര്‍ഫോണുകളുടെ ദോഷഫലങ്ങളെ പറ്റി നമ്മളേറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. വയര്‍ലെസും വയേര്‍ഡുമായ ഇയര്‍ഫോണുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വയര്‍ലെസ് ഇയര്‍ഫോണുകളാണ് പ്രശ്‌നക്കാരെന്നാണ് പലരും ചിന്തിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ വയേര്‍ഡ് ഇയര്‍ഫോണുകളാണ് വയര്‍ലെസ് ഇയര്‍ ഫോണുകളെക്കാള്‍ ശരീരത്തിന് ദോഷം ഉണ്ടാക്കുന്നതെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.

ഇൻ്റർനാഷണല്‍ ജേര്‍ണല്‍ ഓഫ് ഒട്ടോറിനോളറിംഗോളജി ആന്‍ഡ് ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഇയര്‍ഫോണുകളുടെ ദീര്‍ഘ നേരത്തെ ഉപയോഗം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. 18നും 26നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ 89 ശതമാനം ആളുകള്‍ക്കും കേള്‍വി കുറവ്, ചെവി വേദന, ചൊറിച്ചില്‍, ഇയര്‍വാക്‌സ് അടിഞ്ഞ് കൂടല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ജേർണലിൽ പറയുന്നു. ഈ ലക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വയേര്‍ഡ് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണെന്നും പഠനത്തില്‍ പറയുന്നു.

എന്തുകൊണ്ട് വയേര്‍ഡ് ഇയര്‍ഫോണുകൾ കൂടുതല്‍ പ്രശ്‌നങ്ങള്‍ ?

വൃത്തിയില്ലായ്മയാണ് വയേര്‍ഡ് ഇയര്‍ഫോണുകളിലെ പ്രധാന പ്രശ്‌നം. വയേര്‍ഡ് ഇയര്‍ഫോണുകളില്‍ ഭൂരിഭാഗം വരുന്നവയ്ക്കും ഇവ സൂക്ഷിച്ച് വെയ്ക്കാനുള്ള അടപ്പുകളോ ബോക്‌സുകളോ ഇല്ല. ഇത് ഇവയ്ക്കുള്ളില്‍ അഴുക്കും ബാക്ടീരിയയും അടിയാന്‍ കാരണമാകുന്നു. പിന്നാലെ പലതരം അസുഖങ്ങള്‍ക്ക് വഴിവെക്കും. ഇതിന് പുറമെ തലവേദന, രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പറയുന്നു. കൂടാതെ ഒരാള്‍ ഉപയോഗിക്കുന്ന ഇയര്‍ഫോണ്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരത്തില്‍ മാറി മാറി ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയിലെ പലതരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമായേക്കാം.

എന്താണ് പരിഹാരം ?

ഇയര്‍ഫോണുകള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് ഈ കാലത്ത് വ്യക്തികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അവയുടെ ഉപയോഗം നമുക്ക് കുറക്കാന്‍ സാധിക്കും.

  • ഉറങ്ങുമ്പോള്‍ പാട്ട് കേള്‍ക്കുന്ന ശീലമുള്ളവര്‍ക്ക് അത് കുറക്കാന്‍ ശ്രമിക്കാം.
  • സിലിക്കണ്‍ ഇയര്‍ടിപ്പുള്ള ഇയര്‍ഫോണുകള്‍ നോക്കി വാങ്ങാം.
  • ഇടയ്ക്കിടയ്ക്ക് ഇയര്‍ഫോണുകള്‍ വൃത്തിയാക്കാം

മുകളിൽ പറഞ്ഞവ ചെയ്താൽ ഒരു പരിധി വരെ ഇയർഫോണുകൾ കൊണ്ടുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാകും.

Content Highlights- Problems of using Wired Earphones

To advertise here,contact us