കോൾഡ് ഡെസേർട്ട് എന്ന വിളിപ്പേരുള്ള ലഡാക്കിനെ ചന്ദ്രനിലെത്തിയത് പോലെയെന്നൊക്കെ ചിലരെങ്കിലും ഉപമിക്കാറുണ്ട്. ഐഎസ്ആർഒയുടെ നേതൃത്വത്തില്, നമ്മുടെ ചന്ദ്രനിൽ മാത്രമല്ല അങ്ങ് ചൊവ്വാ ഗ്രഹത്തിലേക്ക് ഒരു മനുഷ്യൻ എത്തിയാല് എങ്ങനെ ജീവിക്കും, ഏത് സാഹചര്യത്തിലാകും മനുഷ്യനവിടെ കഴിയുക എന്നതിന്റെ ഒരു അനുകരണം ലഡാക്കിൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുകയാണ്. അന്യഗ്രഹത്തിലെ സാഹചര്യങ്ങളുടെ സാദൃശ്യത്തിലുള്ള അവസ്ഥയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. പേര് ഹിമാലയൻ ഔട്ട്പോസ്റ്റ് ഫോർ പ്ലാനറ്ററി എക്സപ്ളോറേഷൻ(HOPE). ഈ മാതൃകയുടെ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്, ഐഎസ്ആർഒ ചെയർമാൻ വി നാരായണനാണ്. സമുദ്രനിരപ്പിൽ നിന്നും 4.3 കിലോമീറ്റർ ഉയരത്തിലുള്ള ഈ സജ്ജീകരണത്തിൽ ചൊവ്വയിൽ ജീവിക്കേണ്ടി വന്നാൽ എങ്ങനെയായിക്കും എന്ന സാഹചര്യത്തെയും പരീക്ഷിക്കണമാക്കുന്നുണ്ട്. ചന്ദ്രനും അതിനപ്പുറമുള്ള പരിവേഷണങ്ങൾക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണിതെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ തന്നെ പറയുന്നത്.
ഒരു അനുകരണം എന്നതിനപ്പുറം ഈ മിഷൻ ഭാവിയിലേക്കുള്ള ഒരു റിഹേഴ്സലാണെന്നാണ് ഐഎസ്ആർഒ മേധാവി അഭിപ്രായപ്പെട്ടത്. ഹ്യൂമൻ സ്പേസ് ഫ്ളൈറ്റിന്റെ സൈക്കോളജിക്കൽ, ഫിസിയോളജിക്കൽ വശങ്ങളെ മനസിലാക്കാൻ ഇത് സഹായിക്കുമെന്നും ചന്ദ്രനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയുടെ ഒരു നാഴികക്കല്ല് കൂടിയാണിതെന്നും അദ്ദേഹം പറയുന്നു.
HOPE എന്ന ഈ മാതൃക നിർമിച്ചിരിക്കുന്നത് സ്വകാര്യ ബഹിരാകാശ കമ്പനിയായ പ്രോട്ടോ പ്ലാനറ്റാണ്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയ്ക്കൊപ്പം ഐഎസ്ആർഒ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്റർ എന്നിവയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പത്തു ദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങളാണ് ഈ ദൗത്യത്തിന് പിന്നിൽ. ചന്ദ്രനിലെയും ചൊവ്വയിലെതുമായി സാദൃശ്യമുള്ള അവസ്ഥയിൽ ദൗത്യത്തിൽ ഉൾപ്പെട്ട അംഗങ്ങളുടെ ശാരീരകവും മാനസികമായ അവസ്ഥയും പ്രതികരണങ്ങളും നിരീക്ഷിക്കും.
ലഡാക്കിൽ സജ്ജീകരിച്ചിരിക്കുന്ന അനലോഗ് മിഷനിൽ പ്രത്യേകം രൂപകൽപന ചെയ്ത എട്ടു മീറ്റർ ഡയമീറ്റർ ഹാബിറ്റാറ്റ് മൊഡ്യൂളാണ് സംഘാംഗങ്ങൾക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. അഞ്ച് മീറ്റർ ഡയമീറ്ററുള്ള യൂട്ടിലിറ്റി മൊഡ്യൂളാണ് ഓപ്പറേഷൻസ് ആൻഡ് സപ്പോർട്ട് സിസ്റ്റമായി പ്രവർത്തിക്കുന്നത്.
ലഡാക്കിലെ സോ കാർ താഴ്വരയാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചൊവ്വയുടെ പരിസ്ഥിതിയുമായി ഏകദേശ സാമ്യമുള്ളിടമാണിവിടം. ഉയർന്ന് അൾട്രാവയലറ്റ് ഫളക്സ്, കുറഞ്ഞ വായു സമ്മർദം, കടുത്ത തണുപ്പ്, സലൈൻ പെർമാഫ്രോസ് എന്നിവയാണ് ഇത്തരം പരീക്ഷണങ്ങൾ ഈയിടത്തെ തിരഞ്ഞെടുക്കാനുള്ള കാരണം. മനുഷ്യന്റെ ബഹിരാകാശ പരിവേഷണത്തിൽ വലിയൊരു ചുവട് വയ്പ്പാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
Content Highlights: ISRO's mars like habitat analogue mission in Ladakh's Tso Kar Valley