ഒരു മാസം സൗജന്യം, 400 രൂപയ്ക്ക് ഏത് സ്‌ക്രീനും കമ്പ്യൂട്ടറാക്കാം; പുതിയ ക്ലൗഡ് കമ്പ്യൂട്ടറുമായി ജിയോ പിസി

പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യമായി സേവനങ്ങൾ ലഭിക്കും

ക്ലൗഡ് കമ്പ്യൂട്ടർ രംഗത്ത് പുതിയ നീക്കവുമായി റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്ഠിതമായി വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്ഫോം ജിയോ പിസിയാണ് റിലയൻസ് ജിയോ പുതുതായി അവതരിപ്പിച്ചത്. എഐ സേവനങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒരു ഹൈ എൻഡ് പിസിയുടെ എല്ലാ സേവനങ്ങളും പുതിയ ജിയോ പിസിയിലൂടെ ലഭ്യമാവും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ഏത് സ്‌ക്രീനും ഇനി മുതൽ കമ്പ്യൂട്ടറാക്കി മാറ്റാം. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്ഗ്രേഡുകളോ ഇല്ലാതെ പൂർണ കമ്പ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കുമെന്ന് കമ്പനി പറഞ്ഞു.

512 ജിബി കൗഡ് സ്റ്റോറേജ് ലഭ്യമാവുന്ന ജിയോ പിസിയിൽ ലോകോത്തര ഡിസൈൻ, എഡിറ്റിംഗ് ടൂളായ അഡോബ് എക്സ്പ്രസ് സൗജന്യമായി ലഭ്യമാക്കും. പ്രധാന എഐ ടൂളുകളിലേക്കും ജനപ്രിയ ആപ്ലിക്കേഷനുകളുടെയും സേവനങ്ങൾ 400 രൂപ സബ്‌സ്‌ക്രിപ്ഷനിൽ ലഭ്യമാണ്.

നിലവിലെ ജിയോഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്കെല്ലാം ജിയോ പിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യമായി സേവനങ്ങൾ ലഭിക്കും. ഇതിന് പുറമെ ജിയോവർക്ക് സ്പേസ്, മൈക്രോസോഫ്റ്റ് ഓഫീസ് (ബ്രൗസർ) എന്നിവയും കമ്പനി ലഭ്യമാക്കും.

അതിവേഗ ബൂട്ട് അപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സിസ്റ്റം സ്ലോ ആകില്ലെന്നും ജിയോ പറയുന്നു. സമഗ്ര നെറ്റ് വർക്ക് ലെവൽ സെക്യൂരിറ്റിയുള്ളതിനാൽ വൈറസ്, മാൽവെയർ, ഹാക്കിംഗ് പേടി വേണ്ടെന്നാണ് ജിയോ അവകാശപ്പെടുന്നത്.

ജിയോ പിസി എങ്ങനെ സെറ്റ് ചെയ്യാം?

ജിയോ സെറ്റ്ടോപ് ബോക്സ് സ്‌ക്രീനുമായി ബന്ധിപ്പിക്കുക, തുടർന്ന് ആപ്പ് സെക്ഷനിൽ നിന്ന് ജിയോ പിസി ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷൻ തുടങ്ങുക. ഇതിന് പുറമെ ഒരു മൗസും കീബോർഡും സ്‌ക്രീനുമായി കണക്ട് ചെയ്യണം. ജിയോ പിസിയിൽ ജിയോ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങാം.

Content Highlights: Reliance Jio launches cloud-based virtual desktop JioPC

To advertise here,contact us