വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള വാട്സ് ആപ്പ് ആപ്ലിക്കേഷനിൽ ഒരു പ്രധാന മാറ്റം വരുന്നു. ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ, നിലവിലുണ്ടായിരുന്ന നേറ്റീവ് ആപ്പ് മാറ്റി, വാട്സ് ആപ്പ് വെബ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.
നേരത്തെ, വാട്സ് ആപ്പ് വിൻഡോസിനായി സ്വന്തമായി ഒരു നേറ്റീവ് ആപ്പ് വാഗ്ദാനം ചെയ്തിരുന്നു. ഇത് ഓപ്പറേറ്റിങ് സിസ്റ്റവുമായി മികച്ച രീതിയിൽ സംയോജിക്കുകയും വിൻഡോസിൽ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചിരുന്നു.
പുതിയ ബീറ്റാ അപ്ഡേറ്റുകൾ ഈ നേറ്റീവ് ആപ്പിന് പകരം ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു വെബ് റാപ്പർ ആണ് കൊണ്ടുവന്നിരിക്കുന്നത്. ഡെസ്ക്ടോപ്പ് ആപ്പ് ഇപ്പോൾ web.whatsapp.com ഇന്റർഫേസിനെ ഒരു ഡെസ്ക്ടോപ്പ് കണ്ടെയ്നറിനുള്ളിൽ പാക്കേജ് ചെയ്യുകയാണ്. ഇതിന് മൈക്രോസോഫ്റ്റിന്റെ WebView2 സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
പുതിയ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം, മെറ്റയ്ക്ക് (വാട്സ് ആപ്പിന്റെ മാതൃകമ്പനി) ഡെവലപ്മെന്റ് എളുപ്പമാക്കുക എന്നതാണ്. വെബ് അടിസ്ഥാനമാക്കിയുള്ള ഈ സമീപനം സ്വീകരിക്കുന്നതിലൂടെ, വാട്സ് ആപ്പിന് ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ ഒരൊറ്റ കോഡ്ബേസ് നിലനിർത്താൻ സാധിക്കും. ഇത് പുതിയ ഫീച്ചറുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പുറത്തിറക്കാൻ അവരെ സഹായിക്കും. കഴിഞ്ഞ വർഷം മെസഞ്ചർ ഫോർ വിൻഡോസും സമാനമായ ഒരു മാറ്റത്തിലൂടെ കടന്നുപോയിരുന്നു.
Content Highlights: WhatsApp for Windows Replaces Native App With WhatsApp Web