മാറ്റ് ഫിനിഷിൽ തിളങ്ങുന്ന ഫോൺ; പിക്സൽ 10 പ്രോ ഡിസൈൻ പുറത്തുവിട്ട് ​ഗൂ​ഗിൾ

മുൻഗാമിയായ പിക്സെൽ 9 പ്രോയ്ക്ക് ഏറെക്കുറെ സമാനമായിട്ടാണ് പുതിയ പതിപ്പും കാണപ്പെടുന്നത്

​പുതുതായി പുറത്തിറക്കാനുള്ള പിക്‌സല്‍ 10 സ്മാര്‍ട്‌ഫോണിന്റെ ഡിസൈൻ പുറത്തുവിട്ട് ​ഗൂ​ഗിൾ. ഓഗസ്റ്റ് 20ന് നടക്കുന്ന ലോഞ്ചിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. ഗൂഗിൾ സ്റ്റോറിൽ പോസ്റ്റ് ചെയ്ത ഒരു ചെറിയ വീഡിയോ ക്ലിപ്പിലൂടെയാണ് പിക്സൽ 10 പ്രോ സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുൻഗാമിയായ പിക്സെൽ 9 പ്രോയ്ക്ക് ഏറെക്കുറെ സമാനമായിട്ടാണ് പുതിയ പതിപ്പും കാണപ്പെടുന്നത്.

ഫോണിന് മധ്യഭാ​ഗത്തായി ഗൂഗിൾ ലോഗോയോടുകൂടിയ മാറ്റ് ഫിനിഷുള്ള ബാക്ക് പാനലും തിളക്കമുള്ള ഫ്രെയിമും കാണാം. ടീസറിൽ പവർ ബട്ടണും വോളിയം റോക്കറുകളും എവിടെയാണെന്നും വ്യക്തമാക്കുന്നുണ്ട്. സാധരണപോലെ തന്നെ വലത് വശത്താണ് പവർ ബട്ടണും വോളിയം റോക്കറും നൽകിയിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന പിക്സല്‍ 10 ലൈനപ്പിനെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഗൂഗിള്‍ പിക്സല്‍ 10, 10 പ്രോ, 10 പ്രോ എക്സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളാണ് ഇത്തവണ പുറത്തിറക്കുക. ഇതോടൊപ്പം പിക്സല്‍ വാച്ച് 3, പിക്സല്‍ ബഡ്സ് പ്രോ 2, എന്നിവയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്തവണ പുറത്തിറങ്ങുന്ന ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകും. ടെലിഫോട്ടോ ക്യാമറയാണ് പുതിയതായി ഉള്‍പ്പെടുക. പ്രോമോഡലുകളിലും ഫോള്‍ഡിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ക്യാമറയും ഹാര്‍ഡ് വെയറും കഴിഞ്ഞ വര്‍ഷത്തേതിന് ഏറെക്കുറെ സമാനമായിരിക്കും. എന്നാല്‍ പ്രൊസസര്‍ ചിപ്പ്സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്ഗ്രേഡ് ചെയ്യും. മെച്ചപ്പെട്ട എഐ ഫീച്ചറുകളും ഫോണുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Google Pixel 10 Pro officially revealed

To advertise here,contact us