സ്‌ക്രോളും ചെയ്യണ്ട, ടാപ്പും ചെയ്യണ്ട; പുത്തൻ ഇൻസ്റ്റാ ഫീച്ചർ ഇങ്ങനെ

റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ഫീച്ചര്‍ വളരെ ഉപയോഗപ്രദമാകുമെന്നാണ് മെറ്റ വിലയിരുത്തുന്നത്

ന്യുജെന്‍ യുവതയുടെ ഏറ്റവും പ്രിയപ്പെട്ട ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലും അപ്പപ്പോ പല അപ്പ്‌ഡേറ്റുകളും വരാറുണ്ട്. റീല്‍സും സ്റ്റോറികളുമൊക്കെ അപ്പ്‌ലോഡ് ചെയ്ത് വൈറലാവാന്‍ ഏറ്റവും ബെസ്റ്റ് പ്ലാറ്റ്‌ഫോം ഇന്‍സ്റ്റ തന്നെയാണ്. നിലവില്‍ ഇന്‍സ്റ്റ അഡിക്റ്റായവര്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഓട്ടോമാറ്റിക്ക് സ്‌ക്രോളിംഗ് എന്ന ഫീച്ചറാണ് ഇന്‍സ്റ്റാ ഉപഭോക്താക്കള്‍ക്കായി ഇനി അവതരിപ്പിക്കാന്‍ പോകുന്നത്. ഓട്ടോ സ്‌ക്രോള്‍ ഓപ്ഷന്‍ ആക്ടീവും ഡീആക്ടീവും ചെയ്യാന്‍ ഓപ്ഷനുണ്ട്. ഈ ഓപ്ഷന്‍ ആക്ടീവാണെങ്കില്‍ നിലവില്‍ കണ്ടുകൊണ്ടിരിക്കുന്ന റീല്‍ പൂര്‍ത്തിയായാല്‍ അടുത്ത റീല്‍ സ്വയമേ പ്ലേ ആകും. അതിനായി നമ്മള്‍ ടാപ്പ് ചെയ്യേണ്ടതോ സൈ്വപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രത്യേകത. മെറ്റ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുത്തന്‍ അപ്പ്‌ഡേറ്റ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ചില ഉപഭോക്താക്കളില്‍ ഈ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മെറ്റയുടെ തന്നെ ത്രെഡ് എന്ന ആപ്ലിക്കേഷനിലെ ഉപഭോക്താവാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. റീല്‍സ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ഫീച്ചര്‍ വളരെ ഉപയോഗപ്രദമാകുമെന്നാണ് മെറ്റ വിലയിരുത്തുന്നത്. റീലുകളും വീഡിയോകളും കാണാന്‍ ഒരുപാട് സമയം ചിലവഴിക്കുന്നവര്‍ക്ക് ഇത് സന്തോഷവാര്‍ത്തയാണ്.

പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് മെറ്റ. ഇന്ത്യ ഉള്‍പ്പെടെ ലോകത്താകമാനമുള്ള ഇന്‍സ്റ്റഗ്രാം യൂസേഴ്‌സിന് എത്രയും പെട്ടെന്ന് ഈ ഫീച്ചര്‍ ലഭ്യമാക്കാനാണ് തീരുമാനം.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ഇനി കൗമാരപ്രായക്കാര്‍ പ്രായം തെറ്റായി നല്‍കിയെന്ന് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ അപ്പ്‌ലോഡ് ചെയ്യേണ്ടി വരുമെന്നാണ് വിവരം. ജനനതീയതി അപ്പ്‌ലോഡ് ചെയ്യുമ്പോള്‍ പതിനെട്ടോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍ അയാളുടെ ആപ്ലിക്കേഷനിലെ ആക്ടിവിറ്റി, പ്രൊഫൈല്‍ വിവരങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ഈ അവകാശവാദം ശരിയാണോയെന്ന് എഐ പരിശോധിക്കും. സംശയം ഉണ്ടായാല്‍ തിരിച്ചറിയല്‍ രേഖ അപ്പ്‌ലോഡ് ചെയ്യുന്നതോ അല്ലെങ്കില്‍ മെറ്റയുടെ സ്ഥിരീകരണ ഓപ്ഷനുകള്‍ പിന്തുടരുകയോ ചെയ്യണം.

Content Highlight: Instagram presents auto scroll a new feature for users

To advertise here,contact us