ഐക്യൂഒഒ ഇസഡ്10ആര്‍ ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

നിരവധി ഫീച്ചറുകളോടു കൂടിയാണ് ഫോണ്‍ വിപണിയിലെത്തുക

വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ ഇസഡ്10ആര്‍ ഫൈവ് ജി വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തും. നിരവധി ഫീച്ചറുകളോടു കൂടിയാണ് ഫോണ്‍ വിപണിയിലെത്തുക. ഏകദേശം 20,000ത്തിന് അടുത്തായിരിക്കും വില ആരംഭിക്കുക. മൂണ്‍സ്റ്റോണ്‍, അക്വാമറൈന്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫോണിന് കര്‍വ്ഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാകുക. 120Hz AMOLED സാങ്കേതികവിദ്യയുള്ള ക്വാഡ്-കര്‍വ്ഡ് പാനലായിരിക്കും ഇതില്‍ ക്രമീകരിക്കുക. 0.73 സെന്റീമീറ്റര്‍ വീതിയും 7.39 സെന്റീമീറ്റര്‍ നീളവുമുള്ള ഫോണിന് പിന്നിലെ വളഞ്ഞ അരികുകള്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. കാമറയിലേക്ക് വന്നാല്‍, റിങ് ഫ്ലാഷിനൊപ്പം ഇരട്ട കാമറ സജ്ജീകരണവുമുണ്ട് ഈ ഫോണില്‍. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് IP68, IP69 റേറ്റിങ്ങും ഉണ്ടായിരിക്കും. ഫോണില്‍ സോണി IMX882 കാമറ സെന്‍സര്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നതായിരിക്കും ഫോണ്‍. 4K വ്ലോഗ് വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ കഴിവുള്ള 32MP സെല്‍ഫി കാമറയും ഇതിലുണ്ടാകും. 5,700mAh ബാറ്ററിയായിരിക്കും ഫോണില്‍ ഉണ്ടാവുക. മീഡിയാടെക് ഡൈമെന്‍സിറ്റി 7400 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം.

Content Highlights: iqoo z10r 5g mobile launch on thursday

To advertise here,contact us