ആഴ്ചകളായി തിരുവനന്തപുരം വിമാനത്താവളത്തില് കുടുങ്ങിക്കിടക്കുന്ന എഫ് 35 ബ്രിട്ടീഷ് യുദ്ധവിമാനം ഈ മാസം 22ന് ബ്രിട്ടണിലേക്ക് തിരിച്ചുപറന്നേക്കുമെന്നാണ് സൂചന. വിമാനത്തിന്റെ തകരാര് പരിഹരിച്ചെന്നാണ് കഴിഞ്ഞ ദിവസം അധികൃതര് പറഞ്ഞത്.
അറബിക്കടലില് ബ്രിട്ടീഷ് സേനയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമായിരുന്നു എഫ് 35 യുദ്ധവിമാനം. എന്നാല് ഇന്ധനം കുറഞ്ഞതിനെ തുടര്ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തരമായി ഇറക്കുകയായിരുന്നു. എന്നാല് അടിയന്തര ലാന്ഡിങ്ങിനിടെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര് മൂലം വിമാനത്തിന് പ്രതീക്ഷിച്ചതിനേക്കാള് കൂടുതല് ദിവസം വിമാനത്താവളത്തില് തങ്ങേണ്ടി വരികയായിരിന്നു.
തകരാര് പരിഹരിക്കാനായി ബ്രിട്ടണില് നിന്നുതന്നെ വിദഗ്ധര് എത്തിയതോടെ യുദ്ധവിമാനം എയര് ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയിരുന്നു. നിശ്ചിതമായ തുക വാടക വാങ്ങിയാണ് യുദ്ധവിമാനത്തിന് വിമാനത്താവളത്തില് അധികൃതര് പാര്ക്കിങ് ഒരുക്കിയിട്ടുള്ളത്. 14 അംഗ വിദഗ്ധ എന്ജിനീയര്മാരുടെ സംഘമാണ് വിമാനത്തിന്റെ അറ്റകുറ്റ പണികള്ക്കായി വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തില് വിമാനം തുടരുന്നതിന് അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരില് നിന്ന് വാടക ഈടാക്കുന്നതും വാര്ത്തയായിരുന്നു. ഇന്ത്യന് പ്രതിരോധ ഗവേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് സിഎന്ബിസി ടിവി-18 നല്കിയ റിപ്പോര്ട്ട് പ്രകാരം പ്രതിദിനം 26,261 രൂപയാണ്.
അങ്ങനെയാണെങ്കില് ജൂണ് 14 മുതലുള്ള വാടക കണക്കാക്കുകയാണെങ്കില് 892,874 രൂപയാണ് കേരളത്തിന് ലഭിക്കുക. ലാന്ഡിങ് ചാര്ജായി 1-2ലക്ഷം രൂപ വരെയാണ് നല്കേണ്ടി വരിക.
Content Highlights: How Much Thiruvananthapuram Airport Is Earning From UK’s F-35 Jet Parking?