ഇന്ത്യയില്‍ സിനിമഡൗണ്‍ലോഡ് ചെയ്യാന്‍ 10-15 മിനിറ്റ്; ജപ്പാനില്‍ വെറും 0.0000392 സെക്കന്‍ഡ്

യുഎസിലെ ശരാശരി ബ്രോഡ്ബാൻഡ് വേഗത്തിന്റെ 3.5 ദശലക്ഷം മടങ്ങ് വേഗമാണ് ജപ്പാനിലെ ഇന്റർനെറ്റിനുള്ളത്

കണ്ണടച്ച് തുറക്കും മുൻപ് നെറ്റ്ഫ്‌ളിക്‌സിലെ സിനിമകൾ മുഴുവൻ ഡൗൺലോഡ് ചെയ്യാവുന്ന വേഗതയിലേക്ക് ജപ്പാന്റെ ഇന്റർനെറ്റ് സൗകര്യങ്ങൾ മാറുന്നു എന്ന വാർത്ത ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. സാങ്കേതികവിദ്യയിലും ടെക്‌നോളജിയിലും എപ്പോഴും പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടുവരുന്ന രാജ്യം എന്ന നിലയിൽ ലോകത്തിന്റെ കണ്ണുകളെല്ലാം ഇപ്പോൾ ജപ്പാനിലാണ്. ഇന്റർനെറ്റ് വേഗതയിൽ ജപ്പാൻ സ്ഥാപിച്ച പുതിയ റെക്കോർഡ് ലോകമെമ്പാടുമുള്ള ടെക്‌നീഷ്യൻമാർക്ക് ആവേശം പകർന്നിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം യുഎസിലെ ശരാശരി ബ്രോഡ്ബാൻഡ് വേഗത്തിന്റെ 3.5 ദശലക്ഷം മടങ്ങ് വേഗമാണ് ജപ്പാനിലെ ഇന്റർനെറ്റിനുള്ളത്.

ഇന്റർനെറ്റിന്റെ വേഗതയെക്കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് സിനിമ ഡൗൺലോഡ് ആകാൻ എടുക്കുന്ന സമയം. ഒരു എച്ച്ഡി സിനിമ ഫയൽ 5 ജിബി വരുമെന്ന് കരുതുക. വിവിധ രാജ്യങ്ങളിലായി ഇവ എത്ര സമയം കൊണ്ട് ഡൗൺലോഡ് ചെയ്യാനാകും എന്ന് പരിശോധിക്കാം;

ഇന്ത്യയിൽ ശരാശരി ഇന്റർനെറ്റ് വേഗത 64.22 Mbps ആണ്. ഈ കണക്ക് പ്രകാരം 5 ജിബി സിനിമ ഡൗൺലോഡ് ചെയ്യാൻ ഏകദേശം 10 മുതൽ 12 മിനിട്ട് വരെ സമയമാണ് ആവശ്യമായി വരിക. ഓരോ പ്രദേശത്തെ ഇന്റർനെറ്റ് വേഗത മാറുന്നതിനനുസരിച്ച് ഇത് മാറാമെങ്കിലും ഏകദേശം ഈ കണക്ക് പ്രകാരമുള്ള സമയമായിരിക്കും ആവശ്യമാവുക. നിലവിൽ ലോകത്ത് ഇന്റർനെറ്റ് വേഗതയിൽ 26-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

പാകിസ്ഥാനിൽ ശരാശരി ഇന്റർനെറ്റ് വേഗത 20 മുതൽ 30Mbps വരെയാണ്. ഈ വേഗതയിൽ 5 ജിബി സിനിമ ഫയൽ ഡൗൺലോഡ് ചെയ്യാൻ 20 അല്ലെങ്കിൽ 25 മിനിട്ട് വരെ സമയമാണ് ആവശ്യമായി വരിക.

നിലവിലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 200 Mbsp ആണ് ഇൻർനെറ്റിന്റെ ശരാശരി വേഗത. ഈ വേഗതയിൽ ഒരു 5 ജിബി സിനിമാ ഫയൽ ഡൗൺലോഡ് ചെയ്യാൻ രണ്ടോ മൂന്നോ മിനിറ്റുകൾ ധാരാളമാണ്.

ജപ്പാനിലെ റെക്കോർഡ് നേട്ടമിട്ട ഇന്റർനെറ്റ് വേഗത 1.02 പെറ്റാബിറ്റ്‌സ് പെർ സെക്കന്റ് (pbps) ആണ്. ഇത് 1,020,000,000 Mbsp-നു തുല്യമാണ്. ഈ വേഗതയിൽ ഒരു 5 ജിബി സിനിമ ഫയൽ ഡൗൺലോഡ് ചെയ്യാൻ 0.0000392 സെക്കന്റുകൾ മതി.

സാധാരണ ജീവിതത്തിൽ ഈ ഇന്റർനെറ്റ് വേഗത ഉപയോഗപ്പെടുത്തുന്നതിന് ഇനിയും എത്രയോ കാലങ്ങൾ കാത്തിരിക്കേണ്ടി വരാം. എന്നാൽ ഇതിന്റെ സാധ്യതകൾ അനന്തമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതലായി ഉപയോഗിക്കാൻ ഭാവിയിൽ കഴിയും എന്ന് ശാസ്ത്രജ്ഞർ ഇപ്പോഴേ വ്യക്തമാക്കി കഴിഞ്ഞു. അക്കാലത്ത് ഇന്റർനെറ്റിന്റെ ഈ വേഗത പുതിയ കുതിച്ച് ചാട്ടത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷ.

Content Highlight; Japan Sets New Internet Speed Record: How It Compares to Other Countries

To advertise here,contact us