ആപ്പിൾ സിഇഒ ടിം കുക്കിനെ മാറ്റുന്നത് കമ്പനി പരിഗണിക്കണമെന്ന് നിർദ്ദേശിച്ച് ഗവേഷണ സ്ഥാപനമായ ലൈറ്റ്ഷെഡ്. ടിം കുക്ക് ലോജിസ്റ്റിക്സിൽ മാത്രണാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാൽ ഇതിൽ നിന്ന് മാറി ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സിഇഒയെയാണ് ആവശ്യമെന്നും വിശകലന വിദഗ്ധരായ വാൾട്ടർ പീസിക്കും ജോ ഗാലോണും പറഞ്ഞു.
എഐ സംവിധാനം ആപ്പിൾ ഉൽപ്പന്നങ്ങളിൽ കൊണ്ടുവരാനുള്ള പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന് ഈ വർഷം ആപ്പിളിന്റെ ഓഹരികൾ എതിരാളികളായ മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയേക്കാൾ പിന്നിൽ പോയയിരുന്നു. 2025 ൽ ആപ്പിളിന്റെ ഓഹരികൾ 16% ആണ് കുറഞ്ഞത്. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് ലൈറ്റ്ഷെഡ് തങ്ങളുടെ നിർദ്ദേശം മുന്നോട്ട് വെച്ചത്.
ആപ്പിൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസ് ഈ മാസം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിം കുക്കിനെയും മാറ്റണമെന്ന് അഭിപ്രായം ഉയർന്നത്. ജെഫ് വില്യംസ് കൂടി കമ്പനിയിൽ നിന്ന് പോവുന്നതോടെ കമ്പനിക്ക് കൂടുതൽ തിരിച്ചടി ലഭിക്കുമെന്നാണ് ലൈറ്റ്ഷെഡ് പറയുന്നത്.
എന്നാൽ ആപ്പിൾ കമ്പനിക്ക് ടിം കുക്കിനെ മാറ്റാനോ സ്ഥാനത്ത് നിന്ന് മാറാൻ ടിം കുക്കിനോ പദ്ധതിയില്ലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ പ്രമുഖരായ ആർതർ ലെവിൻസൺ, സൂസൻ വാഗ്നർ, റൊണാൾഡ് ഷുഗർ എന്നിവർ കുക്കിനെ പിന്തുണയ്ക്കുന്നവരാണ്.
നേരത്തെ തന്നെ ടിംകുക്കിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുക്കിന്റെ കാലത്ത് എഐ രംഗത്ത് തിരിച്ചടി നേരിട്ട കമ്പനി ഡിസൈനുകളിലും ഹാർഡ് വെയറുകളിലും വിമർശനങ്ങൾ നേരിട്ടിരുന്നു. അതേസമയം ടിം കുക്ക് ആപ്പിളിന്റെ ചെയർമാൻ ആയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആപ്പിളിന്റെ ദീർഘകാല ചെയർമാനായ ലെവിൻസണിന്റെ വിരമിക്കൽ പ്രായം കഴിഞ്ഞിരിക്കുകയാണ്.
അതേസമയം തിരിച്ചടികളിൽ നിന്ന് ആപ്പിൾ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ അടുത്ത ബ്ലാക്ക്ബെറിയോ നോക്കിയയോ ആയി മാറുമെന്ന് സർവീസസ് മേധാവി എഡ്ഡി ക്യൂ പോലുള്ള മുതിർന്ന എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
Content Highlights: One Research Firm Says Apple CEO Tim Cook Should Be Replaced