ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്‌സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

വാട്‌സ്ആപ്പിലൂടെ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാന്‍ ഇതിലൂടെ കഴിയും

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്‌സ്ആപ്പ് ചാറ്റ്‌ ബോട്ട് ലോഞ്ച് ചെയ്തിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാന്‍ ഇതിലൂടെ കഴിയും.

പെട്ടെന്ന് ഒരു പരാതി ഉണ്ടായാല്‍, അത് എവിടെ അറിയിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് പുത്തന്‍ സംവിധാനം. നാളിതുവരെയായി സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യാത്രികരില്‍ ഭൂരിഭാഗവും തങ്ങളുടെ മോശം യാത്രാനുഭവത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നത്. ഇതിന് കാരണം തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 139 കുറിച്ചൊന്നും സാധാരണക്കാരായ പലര്‍ക്കും അറിവില്ലാ എന്നതാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ഇന്ത്യയിലെ ഏകദേശം എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ റെയില്‍മദദ് യാത്രക്കാരില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പുതിയ ചാറ്റ്‌ ബോട്ടിലൂടെ റിസര്‍വ്ഡ് കോച്ചിലെ മാത്രമല്ല, ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്കും പരാതികള്‍ അറിയിക്കാന്‍ കഴിയും.

ചാറ്റ്‌ ബോട്ടില്‍ പരാതിപ്പെടാന്‍ ആദ്യം ചെയ്യേണ്ടത് 7982139139 എന്ന നമ്പര്‍ വാട്‌സ്ആപ്പില്‍ സേവ് ചെയ്യുകയാണ്. ഒരു ഹായ്, ഹലോ, അല്ലെങ്കില്‍ നമസ്‌തേ ടൈപ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാം. ഹായ് പറഞ്ഞ് കഴിഞ്ഞാല്‍, റെയില്‍മദദിലേക്ക് സ്വാഗതമെന്നൊരു മെസേജ് വരും, ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ പിഎന്‍ആര്‍ നമ്പര്‍ നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഇനി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് പരാതി നല്‍കാന്‍ ജനറല്‍ ടിക്കറ്റിലുള്ള യുടിഎസ് നമ്പര്‍ എന്റര്‍ ചെയ്താല്‍ മതിയാകും. ഈ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍, യാത്ര ചെയ്യാനെത്തിയ സ്റ്റേഷനിലെ സര്‍വീസുകളെ കുറിച്ചാണോ അതോ യാത്രക്കിടയിലുണ്ടായ പ്രശ്‌നത്തെ കുറിച്ചാണോ പരാതിയെന്നുള്ള ചോദ്യം വരും. ഇതിന് പിന്നാലെ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു യാത്രികനും തനിക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് ഇത് വഴി പരാതിപ്പെടാം.

നല്‍കിയ പരാതിയുടെ സ്റ്റാറ്റസ്, മുമ്പ് നല്‍കിയ പരാതിയുടെ സ്റ്റാറ്റസ് എന്നിവ ഇതിലൂടെ ട്രാക്ക് ചെയ്യാന്‍ കഴിയും. പരാതി മാത്രമല്ല യാത്രികര്‍ക്കുണ്ടായ നല്ല അനുഭവങ്ങളും പങ്കുവയ്ക്കാം. ഒപ്പം ഈ സംവിധാനം മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങളും പറയാം. തീര്‍ന്നില്ല, ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള കാര്യങ്ങള്‍ക്കായി അത്യാവശ്യമായ സഹായങ്ങള്‍ക്കും ഈ ചാറ്റ്‌ ബോട്ടിന്റെ സേവനം യാത്രികന് തേടാം.Content Highlights: Indian Railway introduce WhatsApp chatbot to register complaint

To advertise here,contact us