ചുമ്മാ കണ്ണില്‍ വച്ചാല്‍ മതി ഫോട്ടോയും വീഡിയോയും എടുക്കാം; എന്താണ് മെറ്റാഗ്ലാസ്?

ഗ്ലാസിലൂടെ കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ കഴിയും

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മെറ്റ ഗ്ലാസുമായി എത്തിയ സന്ദര്‍ശകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അത്യാധുനിക സംവിധാനങ്ങളുള്ള മെറ്റ ഗ്ലാസ് ആണ് അഹമ്മദാബാദ് സ്വദേശി ധരിച്ചത് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അയാളെ കസ്റ്റഡിയിലെടുത്തത്. ഈ വാര്‍ത്തക്കു ശേഷം എല്ലാവരും അന്വേഷിച്ചത് എന്താണ് മെറ്റഗ്ലാസ് എന്നാണ്.

ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും സ്പെക്സ് നിര്‍മ്മാതാക്കളായ റേ-ബാനുമായി സഹകരിച്ചാണ് ഈ അത്യാധുനിക ഗ്ലാസ് പുറത്തിറക്കിയിരിക്കുന്നത്. റേ- ബാന്റെ നിലവിലുള്ള ഫ്രെയിം ഡിസൈനുകളും സംയോജിത ഹാര്‍ഡ് വെയറും മെറ്റയുടെ എഐ സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് പുതിയ ഗ്ലാസ് പുറത്തിറക്കിയിരിക്കുന്നത്. കോള്‍, മീഡിയ, സ്ട്രീമിങ് ഫോട്ടോകളും വീഡിയോഗ്രാഫിയും, മെറ്റ എഐ വഴി വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ ആക്സസ് ചെയ്യല്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഹാന്‍ഡ്സ്- ഫ്രീ ആയി ചെയ്യാന്‍ മെറ്റ ഗ്ലാസിലൂടെ സാധിക്കും.

കൂടാതെ, ഗ്ലാസിലൂടെ കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ കഴിയും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ കാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം.റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം നല്‍കാന്‍ അതിന് കഴിയും. ഫ്രെയിമുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളുടെ സഹായത്തോടെ ഫോണ്‍ വിളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. 29,000 രൂപ മുതലാണ് വില.

Content Highlights: padmanabhaswamy temple issue what is meta glass

To advertise here,contact us