രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ത്യയെ സമ്പൂർണമായി ഡിജിറ്റലാക്കി മാറ്റുന്നിതനുള്ള പ്രധാന ചുവടുവയ്പ്പാണ് പാസ്‌പോർട്ട് സേവ 2.0 പദ്ധതി

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇന്ത്യയെ സമ്പൂർണമായി ഡിജിറ്റലാക്കി മാറ്റുന്നിതനുള്ള പ്രധാന ചുവടുവയ്പ്പാണിത്.

എന്താണ് ഇ-പാസ്‌പോർട്ട്

സുരക്ഷ വർധിപ്പിക്കുന്നതിനും, വേഗത്തിലുള്ള പ്രൊസസിങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പർ/ഡിജിറ്റല്‍ പാസ്‌പോർട്ടാണ് ഇ-പാസ്‌പോർട്ട് എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക് പാസ്‌പോർട്ട്.

ഇ-പാസ്‌പോർട്ട് പ്രവർത്തിക്കുന്നതെങ്ങനെ?

ഇ-പാസ്‌പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പും, ആന്റിനയുമുണ്ട്. പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ അടങ്ങിയിരിക്കും. ഇ-പാസ്‌പോർട്ടിന്റെ കവർ പേജിന് താഴെയായി സ്വർണ നിറത്തിലുള്ള ചെറിയ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ടായിരിക്കും. ഇത് സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് ഇ-പാസ്‌പോർട്ടിനെ തിരിച്ചറിയാൻ സഹായിക്കുന്നു.

ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം ?

ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന്, അപേക്ഷകൻ പാസ്‌പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നിങ്ങൾ പുതിയ ഉപഭോക്താവാണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനായി അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങളും ഡാറ്റകളും നൽകി സൈൻ അപ്പ് ചെയ്യുക. ഇനി നിലവിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക.

ഇ-പാസ്‌പോർട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്‌പോർട്ട് സേവാ കേന്ദ്രയിലോ, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രയിലോ അപ്പോയിൻമെന്റ് എടുക്കുക. ഇ-പാസ്‌പോർട്ട് ഫീ അടയ്ക്കുക. ബയോമെട്രിക് വിശദാംശങ്ങൾ നൽകുന്നതിനും, ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂൾ ചെയ്ത സമയത്തേക്ക് പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക.

ഇ-പാസ്പോർട്ടിന്റെ പ്രയോജനങ്ങൾ

പാസ്പോർട്ടിന്റെ മുൻ കവറിൽ അടങ്ങിയിരിക്കുന്ന ചിപ്പിൽ‌ ഉപഭോക്താവിന്റെ പേര്, പാസ്പോർട്ട് നമ്പർ, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സുരക്ഷിതമാണ്.

എൻക്രിപ്ഷനും സുരക്ഷിത ചിപ്പ് സാങ്കേതികവിദ്യയും വഴി ഇ-പാസ്പോർട്ടുകൾ വ്യാജമാക്കാനോ പകർത്താനോ ഉള്ള സാധ്യത കുറവാണ്.

പാസ്പോർട്ട് പൂർണ്ണമായും തുറക്കാതെയോ ബാർകോഡ് സ്‌കാൻ ചെയ്യാതെയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ചിപ്പ് വേഗത്തിൽ വായിക്കാൻ കഴിയും. പാസ്പോർട്ടുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ, അവ ആഗോളതലത്തിൽ തടസ്സരഹിതമായ യാത്രയ്ക്കായി ഉപയോഗിക്കാൻ കഴിയും.

Content Highlight; Passport Seva 2.0: How to Apply for E-Passport and Its Benefits

To advertise here,contact us