ഐഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരുന്നോ?, പരിഹാരമുണ്ട്; ആപ്പിളിന്‍റെ ഈ ഫീച്ചര്‍ അറിയാമോ?

ബാറ്ററിയുടെ ആയുസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പിള്‍ ഐഫോണുകളില്‍ ഒരുക്കിയിട്ടുണ്ട്

ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രധാന പരാതിയാണ് അതിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നു എന്നത്. എന്നാല്‍ അതിനൊരു പരിഹാരം ആപ്പിള്‍ ഐഫോണുകളില്‍ ഒരുക്കിയിട്ടുണ്ട്. അശ്രദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നതാണ് ഐഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരാനുള്ള പ്രധാന കാരണം. ഇത്തരത്തില്‍ ബാറ്ററി തീര്‍ന്നുപോകുന്നതിനുളള പരിഹാരമായിട്ടാണ് പുതിയ ഫീച്ചറായ ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിംങ് (Optimised Battery Charging) എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐഫോണ്‍ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യുന്നതിന്റെ വേഗത പരിമിതപ്പെടുത്തി പകരം ബാറ്ററിയുടെ ദീര്‍ഘകാല ആയുസ് സംരക്ഷിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.

ഒപ്റ്റിമൈസ്ഡ് ചാര്‍ജിങ് എന്താണ്, എന്താണ് ഇതിന്റെ പ്രത്യേകത

ഐഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ കുറേ നേരത്തേക്ക് ചാര്‍ജില്‍ നില്‍ക്കുമ്പോള്‍ അവയുടെ ആയുസ് കുറയും. ഫോണ്‍ ചാര്‍ജറില്‍ കുത്തിയിട്ട ശേഷം അത് പിന്നീട് ശ്രദ്ധിക്കാതെ പോകുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ചാര്‍ജ് ആയ ശേഷവും ഇത്തരത്തില്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് ഡിസ്‌കണക്ട് ചെയ്യാതിരിക്കുന്നത് ബാറ്ററിയുടെ ആയുസിനെ ബാധിക്കും.

പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപഭോക്താവിന്റെ ചാര്‍ജിംങിന്റെ രീതികള്‍ ഐഫോണ്‍ പഠിക്കും.

എപ്പോഴാണ് ഉപഭോക്താവ് ചാര്‍ജ് ചെയ്യുന്നത്, എപ്പോഴാണ് പ്ലഗ് ഔട്ട് ചെയ്യുന്നത് , പതിവായി രാത്രി ചാര്‍ജ് ചെയ്യാറുണ്ടോ, പിന്നീട് ഫോണ്‍ എത്ര മണിക്ക് ശേഷമാണ് ഉപഭോക്താവ് ഉപയോഗിക്കാനെടുക്കുന്നത് എന്നൊക്കെ ഫോണ്‍ മനസിലാക്കും. അതിനനുസരിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യും. (ഉദാഹരണത്തിന് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാനിട്ട് കിടക്കുന്ന ആളാണെങ്കില്‍ ഫോണ്‍ അത് മനസിലാക്കി 80 ശതമാനം ചാര്‍ജ് ആകുമ്പോള്‍ ചാര്‍ജിംങ് ഓട്ടോമാറ്റിക്കായി നിര്‍ത്തിവയ്ക്കുന്നു, പിന്നീട് 100 ശതമാനം ചാര്‍ജ് ആകുന്നത് വൈകിപ്പിക്കുന്നു. പിന്നീട് ഉപഭോക്താവ് ഫോണ്‍ ഉപയോഗിക്കാനെടുക്കുന്ന സമയം കണക്കുകൂട്ടി 100 ശതമാനമായി ചാര്‍ജിംങ് പൂര്‍ത്തിയാക്കുന്നു) . ഇനി നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ 100 ശതമാനം ചാര്‍ജ് ആയി കിട്ടണം എന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ഓഫാക്കി വയ്ക്കാനുള്ള സൗകര്യവും ഉണ്ട്.

ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം

  • ഫോണ്‍ സെറ്റിംങ്‌സ് എടുക്കുക
  • ബാറ്ററി, ബാറ്ററി ഹെല്‍ത്ത് ആന്‍ഡ് ചാര്‍ജിങ് തിരഞ്ഞെടുക്കുക
  • ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിംങ് ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്ത് ഇടാവുന്നതാണ്.

Content Highlights:The iPhone's battery doesn't drain quickly. A new feature called Optimized Battery Charging has been introduced as a solution to this problem

To advertise here,contact us