വെള്ളവും വിയർപ്പുമായാലും കേട് വരില്ല, റേ-ബാന് പിന്നാലെ പുതിയ കിടിലന്‍ AI ഗ്ലാസുമായി മെറ്റ

മെച്ചപ്പെട്ട ഓഡിയോ സംവിധാനങ്ങള്‍, ഉയര്‍ന്ന ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകളാണ് പുതിയ ഗ്ലാസിനുള്ളത്

അത്‌ലറ്റുകള്‍ക്കായി പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. അത്‌ലറ്റുകളെയും, കായിക താരങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട് പുതിയ ഫീച്ചറുകളുമായി എഐ ഗ്ലാസുകള്‍ നിര്‍മ്മിക്കുന്നതിന് മെറ്റ ഓക്ക്ലിയുമായി സഹകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓക്ക്‌ലി മെറ്റ എച്ച്എസ്ടിഎന്‍ എന്ന് അറിയപ്പെടുന്ന പുതിയ ഗ്ലാസുകള്‍ ഓക്ക്‌ലിയുടെ ബോള്‍ഡ് അത്‌ലറ്റിക് ഡിസൈനും, എഐയുടെ നൂതന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുന്നതാണ്. മെച്ചപ്പെട്ട ഓഡിയോ സംവിധാനങ്ങള്‍, ഉയര്‍ന്ന ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഗ്ലാസിനുള്ളത്.

അള്‍ട്ര എച്ച്ഡി (3k) ക്യാമറ, ഹാന്‍ഡ്‌സ് ഫ്രീ വീഡിയോ റെക്കോര്‍ഡര്‍, തുടങ്ങിയ സംവിധാനങ്ങള്‍ ഓക്ക്‌ലി മെറ്റ ഗ്ലാസുകളുടെ സവിശേഷതയാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍, കായിക മേഖലയുമായി ബന്ധപ്പെട്ട സൂചനകള്‍ എന്നിവയും, എഐ ഉപയോഗപ്പെടുത്തിയുള്ള മറ്റ് അനവധി സൗകര്യങ്ങളും ഗ്ലാസില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇയര്‍ ബഡുകള്‍ ഇല്ലാതെ തന്നെ പാട്ടോ, പോഡ്കാസ്‌റ്റോ എല്ലാം കേള്‍ക്കാവുന്ന തരത്തിലുള്ള സംയോജിത സ്പീക്കറും സ്മാര്‍ട്ട് ഗ്ലാസുകളിലുണ്ട്. ഗ്ലാസ് ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നും, 20 മിനിട്ട് കൊണ്ട് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാനും കഴിയുമെന്നും മെറ്റ അവകാശപ്പെടുന്നു. കായിക, അത്‌ലറ്റ് താരങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതിനാല്‍ വിയര്‍പ്പോ, വെള്ളമോ ആയാലും ഗ്ലാസിന് കേടുപാടുകള്‍ സംഭവിക്കുകയില്ല.

399 ഡോളര്‍(34,546 രൂപ) ആണ് ഓക്ക്‌ലി മെറ്റ എച്ച്എസ്ടിഎന്‍ സ്മാര്‍ട്ട് ഗ്ലാസിന്റെ വില. 2025ന്റെ അവസാനത്തോടെ ഗ്ലാസുകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ വടക്കേ അമേരിക്കയിലും, യൂറോപ്പിലുമായിരിക്കും ഗ്ലാസുകള്‍ എത്തുക. പിന്നീട് ഇന്ത്യ, മെക്‌സിക്കോ, യുഎഇ എന്നിവിടങ്ങളിലും ലഭ്യമാക്കും.നേരത്തെ റേ-ബാനുമായി സഹകരിച്ച് മെറ്റ പുറത്തിറക്കിയ മെറ്റ ഗ്ലാസ് വന്‍ ഹിറ്റായിരുന്നു.

Content Highlight; Meta Unveils Oakley Smart Glasses for Athletes

To advertise here,contact us